ഡോ. ആരിഫ് അലി കൊളത്തേകാട്ട്, സലാല

റമദാൻ ഒരു പുണ്യ മാസം മാത്രമല്ല; അത് ഓർമ്മകളുടെ ഒരു പ്രകാശവളയം കൂടിയാണ്. പഴയ അലമാര തുറക്കുമ്പോൾ പരക്കുന്ന ഒരു പഴുത്ത കദളിപ്പഴത്തിന്റെ മണം. ഉമ്മ തരാമെന്നേറ്റ കദളിപ്പഴം മോഹിച്ച് അഞ്ചാം വയസ്സിൽ നോമ്പ് നോറ്റ ബാല്യത്തിന്റെ പുഷ്കല കാലം. മസ്ജിദ് മുറ്റത്ത് തറാവീഹിന് ശേഷം കൈകളിൽ പടരുന്ന കാവയുടെ ചൂട്. ഇഫ്താറിന്റെ പാത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിഭവങ്ങളുടെ രുചി...എല്ലാം ചേർന്ന ഒന്ന്.

എന്നാൽ, നോമ്പിന്റെ ശാന്ത സന്ധ്യകളിൽ, മനസ്സിൽ അലയടിച്ച് എത്തുന്ന ചില നോവോർമ്മകൾ കൂടിയുണ്ട്. അവയിൽ ഏറ്റവും ദീപ്തമായതു ‘നൂർജഹാന്റെ’ ചരിതം തന്നെ.

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ്, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ തിരക്കേറിയ വാർഡുകളിലും, അത്യാഹിത ഇടനാഴികകളിലും പഠനവും, പരിശീലനവുമൊക്കെയായി ജീവിതത്തിന്റെ തീക്ഷ്ണകാലം കടന്നുപോകുന്ന കാലം.

ജൂൺ മഴകൾ പെയ്തിറങ്ങിയ ഒരു റമദാൻ. എന്നും തിരക്കോടു തിരക്ക്. അന്നാണ് നൂർജഹാനെ ഞാൻ ആദ്യമായി കണ്ടത്.

തഞ്ചാവൂരിലെ ഒരു സ്‌കൂൾ അധ്യാപിക. മുപ്പത്തഞ്ചുകാരി. കൂടെ ആറുവയസ്സുകാരൻ മകൻ. വെല്ലൂരിലെ ഒരു ബന്ധുവിന്റെ വീട്ടിൽ ഇഫ്താറിനായി വന്നതാണ്. രണ്ട് മാസമായി സംസാരത്തിൽ ചെറിയ ഇടർച്ച. അത്ര മാത്രം. വെല്ലൂരിൽ വന്നതല്ലേ. ഒന്ന് കാണിക്കാമെന്നു കരുതി..അന്നേ ദിവസം എന്റെ മുന്നിൽ അവർ അവതരിച്ചു.

ആദ്യ കാഴ്ചയിൽ തന്നെ ആരോഗ്യത്തിന്റെ തെളിച്ചം, തുടരെയുള്ള സംസാരം, ചിരിയിൽ ആത്മവിശ്വാസം. എന്നാൽ എൻഡോസ്കോപ്പിയിൽ സ്വനപേടകത്തിൽ ഒരു ചെറിയ തടിപ്പ് കണ്ടു. Sഅധ്യാപികയല്ലേ, ക്ലാസ്സിൽ ഉറക്കെ സംസാരിക്കാറുണ്ടാവും’ — ഞാൻ സ്വയം ആശ്വസിച്ചു.

എങ്കിലും സംശയം വിട്ടുമാറിയില്ല. ബയോപ്സി നിർദേശിച്ചു. നൂർജഹാൻ സമ്മതിച്ചു. റിപ്പോർട്ട് തുറന്ന ദിനം.. എന്റെ ഹൃദയം ഒരു തവണ നിശ്ചലമായി. പുകവലിക്കുന്ന അറുപതുകാരിൽ കാണുന്ന ഒരു അപൂർവ തരം കാൻസർ! അതും നൂർജഹാനിൽ.

വൈദ്യശാസ്ത്രത്തിൽ അതിശയങ്ങൾ പുതുമയല്ല. അപൂർവതകൾ തേടി വരാറുമുണ്ട് പക്ഷേ, എങ്കിലും നൂർജഹാനിൽ ഈ പ്രായത്തിൽ? അവർ ഒരു നോമ്പുകാരി. ഊർജസ്വലയായ അധ്യാപിക. ജീവിതം ക്രമശുദ്ധമായി നയിച്ചവൾ.

വിശ്വാസം വരാതെ വീണ്ടും പരിശോധന നടത്തി. ഫലം മാറിയില്ല.

സഹപ്രവർത്തകരുമായി പ്രശ്നം ചർച്ച ചെയ്തു. വെല്ലൂർകാരനായ ബന്ധുവിനെ വിളിച്ച് ചില സൂചനകൾ നൽകി. നൂർജഹാനെ വരുത്താൻ ഏർപ്പാടും ചെയ്തു. ആ വാർത്ത പറയാനുള്ള ഉത്തരവാദിത്വം എന്റെ മേലെ .

അടുത്തയാഴ്ച നൂർജഹാൻ വന്നു. കൂടെ ഭർത്താവ് മീരാകാസിം ഗൾഫിൽ നിന്ന് അവധിയെടുത്ത് എത്തിയിരുന്നു. കൈയിൽ ഒരു കെട്ട് ഈത്തപ്പഴം. സലാം ചൊല്ലി അയാൾ അത് എന്റെ മുന്നിൽ വച്ചു.

റൂമിലെ നൂർജഹാന്റെ വാചാലത ആകസ്മികമായി ഭാരമായി.

നോമ്പിന്റെ ക്ഷീണം ഒട്ടുമില്ലാതെ നൂർജഹാൻ വീട്ടുവിശേഷങ്ങൾ പറഞ്ഞു ചിരിച്ചു കൊണ്ടേയിരുന്നു. വാക്കുകൾക്ക് കൃത്രിമ ദൃഢത വരുത്തി ഞാൻ പറഞ്ഞു. ‘തൊണ്ടയിൽ കാൻസർ ബാധയുണ്ട്… വിശദമായ പരിശോധനയും, ചികിത്സയും വേണം…’

വാക്കുകൾ എന്റെ വായിൽ നിന്നിറങ്ങുമ്പോൾ, അവ റൂമിന്റെ ചുമരുകളിൽ തട്ടി മടങ്ങിയെന്നു തോന്നി. മീരാകാസിമിന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ ആകെ തകർന്നുപോയി.

പക്ഷേ നൂർജഹാൻ? അവർ മകനെ ചേർത്തുപിടിച്ചു. കണ്ണടച്ചു. ഉറച്ച ശബ്ദത്തിൽ ഖുർആൻ വചനങ്ങൾ ഉരുവിട്ടു കൊണ്ടിരിക്കുന്നു. ആ ശബ്ദത്തിൽ വിറയലില്ല. വിങ്ങലില്ല. വിശ്വാസത്തിന്റെ ഉറച്ച നിശ്ചയം മാത്രം. അവർ ഭർത്താവിന്റെ കൈ പിടിച്ചു.

“അല്ലാഹു നമ്മോടൊപ്പമുണ്ട്…പിന്നെ എന്നെ ചൂണ്ടി ദാ . . .ഇവരും ” മുറിയിൽ ഉണ്ടായിരുന്ന ഞങ്ങൾക്കു പോലും ഒരു ആശ്വാസം പടർന്നിറങ്ങി.

ആരും മനസ് പൊട്ടിക്കരഞ്ഞു പോകുന്ന നിമിഷത്തിൽ, സ്വയം നിയന്ത്രിക്കുകയും ഭർത്താവിനെപ്പോലും ആശ്വസിപ്പിക്കുന്ന അവർ സഹ ഡോക്ടർമാരിലും അത്ഭുതമുളവാക്കി. നൂർജഹാൻ പഠിപ്പിക്കുകയായിരുന്നു, വിശ്വാസം ഒരു ആശയം മാത്രമല്ല; അത് ചിലപ്പോൾ അതിജീവനത്തിനു ബലമേകുന്ന ഒരു ശക്തി കൂടിയാണ് എന്ന്.

പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന നിതാന്ത ചികത്സ. കീമോതെറാപ്പിയുടെ വേദന. റേഡിയേഷന്റെ കാഠിന്യം. മുടി കൊഴിയുന്ന രാവുകൾ. വേദനയിൽ വിറങ്ങലിക്കുന്ന പുലരികൾ. എന്നാൽ നൂർജഹാൻ ഒരിക്കൽ പോലും പരാതി പറഞ്ഞില്ല.

വേദനയെ അവർ നിശ്ശബ്ദമായി സഹിച്ചില്ല, ദുരന്ത ചര്യകളെ പ്രകാശമാക്കി മാറ്റി. പ്രസരിപ്പോടെയും, സമചിത്തതയോടെയും അതവർ നേരിട്ടു വാർഡിൽ കിടന്ന് ഖുർആൻ ഓതും.

ജനലഴികൾ ഇറുകെ പിടിച്ച് ദൂരേക്കു നോക്കി, ഈണത്തോടെ ചെന്തമിഴ് പാട്ടുകൾ മൂളും. നഴ്‌സുമാർക്ക് തുണിസഞ്ചി തുന്നി കൊടുക്കും. വൈകുന്നേരങ്ങളിൽ സഹരോഗികൾക്ക് ഈത്തപ്പഴം വിതരണം ചെയ്യും.

പുതിയ രോഗികൾക്ക് ധൈര്യം പകരും. അവർ ഒരു രോഗിയല്ലായിരുന്നു; വാർഡിന്റെ പ്രകാശം ആയിരുന്നു. തനിക്കുചുറ്റുമുള്ള ലോകത്തിൽ അവർ പ്രകാശം പരത്തികൊണ്ടേയിരുന്നു.

പിന്നീട് വർഷംതോറും റമദാൻ മാസങ്ങളിൽ, നൂർജഹാൻ ഒരു നിത്യസന്ദർശകയായി. ഓരോ വരവിനും പത്ത് പന്ത്രണ്ട് ദിവസം വാർഡിൽ ചെലവഴിക്കും. പരിശോധനകൾക്ക് വിധേയയാകും, സംസാരത്തിന്റെ കെട്ടുനൂൽ പൊട്ടിക്കും, ചിരിക്കും, സഞ്ചി തുന്നും, പ്രകാശ പാതകൾ തുറക്കും. അവരുടെ സാന്നിധ്യം ആശുപത്രി വരാന്തകളെ, ഒരു ഇഫ്താർ സദസ്സുപോലെ പ്രകാശിപ്പിക്കും.

വാർഡുകളിലെ സിസ്റ്റർമാരിലും ഡോക്ടർമാരിലും ഒക്കെ അവർ ചിരപരിചിതയായ സ്‌നേഹത്തിന്റെ മാലാഖയായി മാറും

കാലം കുതിക്കും, കിതച്ചും മുന്നോട്ട് നീങ്ങി.

ഞാൻ പഠനം കഴിഞ്ഞു, അസി. പ്രഫസറായി ജോലിയിൽ പ്രവേശിച്ച കാലം. ഒരു റമദാൻ നാൾ.

തഞ്ചാവൂരിൽ നിന്ന് മീരാകാസിമിന്റെ ഫോൺ. ശക്തമായ ശ്വാസതടസ്സം. അർബുദം ശ്വാസകോശത്തിലേക്ക് വേര് പടർത്തിയിരിക്കുന്നു. ഡ്യൂട്ടിയിലായിരുന്ന ഞാൻ അത്യാഹിത വിഭാഗത്തിലേക്ക് അവരെ കൊണ്ടുവരാൻ ഏർപ്പാടുണ്ടാക്കി. അർബുദം ശ്വാസനാളത്തിനു പ്രതിബന്ധം ഉണ്ടാക്കിയപ്പോൾ, തൊണ്ട തുളച്ച് കൃത്രിമ ശ്വാസത്തിനായി ട്യൂബിടാനുള്ള ദൈവ നിയോഗവും എനിക്കായിരുന്നു.

സംസാരപ്രിയയായ നൂർജഹാൻ. ഇപ്പോൾ മൗനലോകത്തിന്റെ തടവുകാരി. എങ്കിലും അവർ കണ്ണുകളാൽ സംസാരിച്ചുകൊണ്ടേയിരുന്നു.

അവ്യക്തമായ ശബ്ദങ്ങളിൽ പോലും, അവർ ജീവിതത്തെ സുന്ദരമെന്നു വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. മീരാകാസിം ആശുപത്രി വരാന്തയിൽ കാത്തിരുന്നു. കണ്ണുകളിൽ നനവും, കൈകളിൽ തസ്ബീഹ്യൂമായി...ആറു വയസ്സുകാരൻ അപ്പോൾ കൗമാരം വിട്ടിരിക്കുന്നു.

റമദാൻ നാളുകൾ മുന്നോട്ടു പോയി.

ഒരു ഇഫ്താർ സന്ധ്യ. കയ്യിലെ പേജർഫോൺ അപകട സൂചനയുടെ സൈറൺ മുഴക്കി. ഓടിച്ചെന്നപ്പോൾ, അവസാന ശ്വാസം ആഞ്ഞുവലിക്കുന്ന നൂർജഹാനീയാണ് കണ്ടത്. മരണത്തോട് അവർ പോരാടിച്ചുകൊണ്ടേയിരുന്നു .

അവരുടെ നെഞ്ച് ഉയർന്നു താഴ്ന്നു. അതിജീവനത്തിന്റെ അവസാന പ്രതീക്ഷയും മങ്ങിത്തുടങ്ങിയിരിക്കുന്നു. അനിവാര്യമായ മരണത്തെ തോൽപ്പിക്കാൻ, അവരുടെ നെഞ്ചിൽ പ്രതീക്ഷയുടെ കൈകൾ അമർത്തുമ്പോഴും, അവരുടെ കണ്ണുകൾ പ്രകാശിക്കുന്നുണ്ടായിരുന്നു. പ്രകാശം നിശ്ചലമായി. എങ്കിലും നൂർജഹാന്റെ ചുണ്ടുകളിൽ വ്യഥയുടെ വിണ്ടുകീറലുകളില്ല , ഒരു യുഗം തീർത്ത തെളിമ മാത്രം. മരണപത്രത്തിൽ ഒപ്പുവച്ച് മോർച്ചറിയിലേക്കയച്ച ശേഷം, വാർഡ് ഇടനാഴിയിലൂടെ തിരികെ നടക്കുമ്പോൾ, ഓരോ തൂണിലും അവരുടെ സംസാരവും, ചിരിയും ഞാൻ കേട്ടു.

ഈത്തപ്പഴം പിടിച്ചുനിന്ന കൈകൾ. വേദന മറച്ച് വെച്ച്, മറ്റുള്ളവരെ ആശ്വസിപ്പിച്ച ശബ്ദം. വിശ്വാസത്തിൽ പ്രഭ ചുരത്തുന്ന കണ്ണുകൾ.

കാലം രണ്ടു പതിറ്റാണ്ടോളം ഒഴുകിയകന്നു. ഇന്നും റമദാൻ വരുമ്പോൾ, ഈത്തപ്പഴം കൈയിൽ എടുത്ത്, ഇഫ്താറിനായി ഇരിക്കുമ്പോൾ, വെല്ലൂരിലെ വാർഡുകൾ, തെരുവുകൾ , ഇടനാഴികകൾ എന്റെ മുന്നിൽ തുറക്കും.

അത്യാഹിത സാനുക്കളിലെ ശബ്ദ കോലാഹലങ്ങൾ കാതിൽ പതിക്കും.

അവിടെയെല്ലാം നൂർജഹാനുകൾ നിറയും, ഈത്തപഴത്തിന്റെ ഗന്ധം പറക്കും. എത്ര രോഗികൾ… എത്ര അനുഭവങ്ങൾ…പക്ഷേ ജീവിതത്തിന്റെ ആഴവും, പരപ്പും ആഴത്തിൽ പഠിപ്പിച്ചവരിൽ നൂർജഹാനോളം പോന്നവരില്ല.

ഏറെ സംസാരിക്കാൻ ബാക്കി വെച്ച് കടന്നു പോയ പോയ നൂർജഹാൻ, തഞ്ചാവൂരിലെ ഏതോ പള്ളിക്കാട്ടിൽ തന്റേതു മാത്രമായ ലോകത്ത്, തനിക്കു പഥ്യമല്ലാത്ത ഏതോ നിശ്ശബ്ദ ലോകത്ത്, റമദാൻ നാളുകൾ പിറക്കുമ്പോൾ വീർപ്പുമുട്ടുന്നുണ്ടാകുമോ ..?

ആത്മവിശ്വാസം കൊണ്ടും അചഞ്ചലമായ ദൈവസമർപ്പണം കൊണ്ടും ഹൃദയത്തിൽ ആത്മ പ്രഭ ചുരത്തുന്നവരാണ് സൂഫികൾ എന്ന് കേട്ടിട്ടുണ്ട്. എങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സൂഫി

നൂർജഹാനാണ്. അതെ, പേര് അന്വര്ഥമാക്കും വിധം ‘നൂർ’ ‘ജഹാൻ’...ലോകത്തിന്റെ പ്രകാശം !

പ്രിയപ്പെട്ടവർ പലരും, പടിയിറങ്ങിയ മാസം കൂടിയാണ് റമദാൻ.

ഇഫ്താറിലെ ഈത്തപ്പഴത്തിന് അതുകൊണ്ടു തന്നെ, എന്നും ആത്മനോവിന്റ കനമുള്ള മധുരമാണ്. ഏതു നോവിനെയും മധുരമാക്കുന്ന ഈത്തപ്പഴം.

Tags:    
News Summary - Noor Jahan, you were a Sufi...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.