അഫ്ഗാനിസ്താൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനിൽ സന്ദർശനം നടത്തുന്ന അഫ്ഗാനിസ്താൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മന്ത്രിമാരും സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും സൗഹൃദ ജനതകൾ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാംസ്കാരിക നാഗരിക മൂല്യങ്ങളും അവലോകനം ചെയ്യുകയും ചെയ്തു.
രണ്ട് സൗഹൃദ ജനതകൾക്കും രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണ ബന്ധം വികസിപ്പിക്കാനുള്ള പൊതുവായ ആഗ്രഹം അവർ പ്രകടിപ്പിച്ചു. ഭക്ഷ്യസുരക്ഷ, മറ്റു മേഖലകൾ എന്നിവയിൽ വ്യാപാര വിനിമയവും നിക്ഷേപ അവസരങ്ങളും വളർത്തിയെടുക്കാനും വിദ്യാഭ്യാസ, പരിശീലന പരിപാടികളിലൂടെ അറിവും വൈദഗ്ധ്യവും കൈമാറാനും തീരുമാനിച്ചു.
അന്താരാഷ്ട്ര സമൂഹവുമായി അഫ്ഗാനിസ്താന്റെ സംയോജനം സാധ്യമാക്കുന്നതിനും, പ്രാദേശിക, അന്തർദേശീയ മേഖലകളിൽ അതിന്റെ സൃഷ്ടിപരമായ പങ്ക് നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ഒമാന്റെ പിന്തുണ സയ്യിദ് ബദർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അറ്റ് ലാർജ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായ്, മസ്കത്തിലെ അഫ്ഗാനിസ്താൻ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ഉമർ ഗുലാം റസൂലി എന്നിവരും ഇരുവിഭാഗങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.