മസ്കത്ത്: കുറഞ്ഞ നിരക്കുള്ള വിമാന സർവിസുമായി ഒമാന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസുകൾ മാത്രമുള്ള ബജറ്റ് വിമാന സർവിസുമായാണ് ഒമാൻ എയർ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഇകണോമി ക്ലാസുകൾ മാത്രമുള്ള എയർ ക്രാഫ്റ്റുകൾക്ക് ഒമാൻ എയർ രൂപ കൽപന നൽകിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം ആദ്യത്തിൽ ഒന്നാം ഘട്ടമായി അഞ്ച് ബോയിങ് 737 MAX 8 വിമാനങ്ങൾ ഒമാൻ എയർ വാങ്ങിയിട്ടുണ്ട്. ആദ്യം ഘട്ടം ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ നിലവിലുള്ള നെറ്റ് വർക്കുകളിലേക്കായിരിക്കും ഒമാൻ എയർ ബജറ്റ് സർവിസുകൾ ആരംഭിക്കുക. യാത്രക്കാർ കൂടുതൽ സ്വീകാര്യമായ രീതിയിലുള്ള സർവിസുകളായിരിക്കും ഒമാൻ എയർ സംവിധാനിക്കുക.
അതോടൊപ്പം കൂടുതൽ പുതിയ സേവനങ്ങളും വിനോദങ്ങളും വിമാനത്തിനുള്ളിൽ ആരംഭിക്കാനും ഒമാൻ എയറിന് പദ്ധതിയുണ്ട്. കൂടുതൽ ആധുനികവും മികച്ചതുമായ വിനോദങ്ങളായിരിക്കും വിമാനത്തിനുള്ളിൽ സംവിധാനിക്കുക. യാത്രക്കാർക്ക് കൂടുതൽ സ്വീകാര്യമായ രീതിയിലുള്ള സർവിസുകളായിരിക്കും ഒമാൻ എയർ നടത്തുകയെന്ന് ഒമാൻ എയർ സി.ഇ.ഒ കോൺ കോർഫിയാറ്റിസ് പറഞ്ഞു. അതോടെ യാത്രക്കാർ സുഖകരമായ യാത്ര ആസ്വദിക്കേണ്ടതുമുണ്ട്. അതിനാൽ എല്ലാ ബജറ്റ് സർവിസുകളിലും ഈ ആവശ്യങ്ങൾ നടപ്പാക്കുകയാണ്. യാത്രക്കാർക്ക് കൂടുതൽ അയവുള്ളതും തെരഞ്ഞെടുക്കാൻ പറ്റുന്നതുമായ സൗകര്യങ്ങൾ നടപ്പാക്കും. എന്നാൽ സേവനങ്ങളുടെ ഗുണ നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തരത്തിലുള്ള വിമാനങ്ങളുമായി 40 ലധികം റൂട്ടുകളിലേക്കാണ് ഇപ്പോൾ ഒമാൻ എയർ സർവിസുകൾ നടത്തുന്നത്. മൂന്ന് തരം ക്ലാസുകളും ഒമാൻ എയറിനുണ്ട്. അതോടൊപ്പം കേരളമുൾപ്പെടെ നിരവധി സെക്ടറുകളിലേക്കുള്ള നിരക്കുകൾ ഒമാൻ എയർ കുത്തനെ കുറച്ചു. കോഴിക്കോട്ടേക്ക് വൺവേക്ക് 25.200 റിയാലാണ് ഒമാൻ എയർ നിലവിൽ ഈടാക്കുന്നത്. അടുത്ത മാസം 17 വരെ ഈ നിരക്കുകൾ ലഭ്യമായിരിക്കും. കൊച്ചിയിലേക്ക് നിലവിൽ 35 റിയാലാണുള്ളത്. തിരുവനന്തപുരത്തേക്ക് ഒമാൻ എയർ ഈടാക്കുന്ന കുറഞ്ഞ നിരക്ക് 37.700 ആണ്.
അടുത്ത മാസം പകുതിവരെ കുറഞ്ഞ നിരക്കുകളാണ് പൊതുവെ എല്ലാ വിമാന കമ്പനികൾക്കുമുള്ളത്, എന്നാൽ ചെറിയ പെരുന്നാൾ അടുക്കുന്നതോടെ നിരക്കുകൾ കുത്തനെ വർധിക്കാനാണ് സാധ്യത. ഒമാൻ എയർ ബജറ്റ് സർവിസ് ആരംഭിക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ സന്തോഷം പകരുന്നതാണ്.ഗുണനിലവാരത്തിനും കൃത്യതക്കും ഏറെ പേരു കേട്ടതാണ് ഒമാൻ എയർ സർവിസുകൾ. മറ്റു വിമാന കമ്പനികളെ പോലെ സർവിസുകൾ റദ്ദാക്കുകയോ സമയം വൈകിക്കുകയോ ചെയ്യുന്ന ഇടപാട് ഒമാൻ എയറിനില്ല. അതിനാൽ യാത്രക്കാർക്ക് വിശ്വസിച്ച് ടിക്കറ്റെടുക്കാൻ കഴിയുന്നതിനാൽ ഒമാൻ എയറിന്റെ ബജറ്റ് സർവിസുകൾക്ക് വമ്പിച്ച സ്വീകാര്യത ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.