മസ്കത്ത്: ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും താമസക്കാരെ കുടിയിറക്കാനുള്ള ശ്രമത്തെയും ശക്തമായി എതിർത്ത് ഒമാൻ. സഹോദര ഫലസ്തീൻ ജനതക്ക് അവരുടെ സ്വന്തം മണ്ണിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃത അവകാശങ്ങളെ മാനിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് മാറ്റാനുള്ള ഏതൊരു പദ്ധതിയും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം.
അന്താരാഷ്ട്ര നിയമസാധുതയുടെയും അറബ് സമാധാന സംരംഭത്തിന്റെയും പ്രമേയങ്ങളെ അടിസ്ഥാനമാക്കി, ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയും ഒമാൻ എടുത്തുപറഞ്ഞു. 1967 ജൂൺ നാലിലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കമെന്നും ഒമാൻ ആവശ്യപ്പെട്ടു.
രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെ പ്രകോപന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഫലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയിറക്കുമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞത്.
20 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഈജിപ്തിലേക്കും ജോർഡാ നിലേക്കും പോകണം. യുദ്ധത്തിൽ തകർന്ന ഗസ്സയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മാരക ബോംബുകളും നീക്കി സുന്ദരമാക്കും. കടൽത്തീരത്ത് സുഖവാസകേന്ദ്രങ്ങൾ നിർമിക്കും.
തൊഴിലവസരങ്ങൾ നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കും. ഗസ്സ അധിനിവേശം ദീർഘകാലം തുടരുമെന്നും അത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവിടെ ആരാണ് താമസക്കാരായി ഉണ്ടാവുകയെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയില്ല.
മറ്റു മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഗസ്സയിലേക്ക് തിരിച്ചുവരാനാണ് ഫലസ്തീനികൾ ആഗ്രഹിക്കുന്നത്. കോൺക്രീറ്റ് കൂനകൾ മാത്രമുള്ള പ്രദേശമാണത്.
അപകടകരമായ പ്രദേശത്തേക്ക് തിരിച്ചുവരുന്നതിന് പകരം മറ്റു മനോഹരമായ സ്ഥലങ്ങളിലേക്ക് അവർക്ക് പോകാം. താൻ സംസാരിച്ചവരെല്ലാം ഇതൊരു മനോഹര ആശയമാണെന്നാണ് പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.