സോഷ്യൽ മീഡിയയിൽ അനധികൃത സർവേ; വ്യവസായികൾക്ക് മുന്നറിയിപ്പുമായി ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി

മസ്കത്ത്: ഒമാനിലെ ബിസിനസ് ഉടമകളും ചേംബർ അംഗങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അനധികൃത സർവേകളിലും അഭിപ്രായ വോട്ടെടുപ്പുകളിലും പങ്കെടുക്കരുതെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) കർശന മുന്നറിയിപ്പ് നൽകി.

തങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കാത്ത പല സർവേ ലിങ്കുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതായി ചേംബറി​ന്റെ ശ്രദ്ധയിൽപെട്ടതായി വ്യാഴാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. അതിനാൽ, ബിസിനസ് സ്ഥാപനങ്ങളും അംഗങ്ങളും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവയുടെ ഉറവിടം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇത്തരം അനധികൃത പ്ലാറ്റ്‌ഫോമുകളിലൂടെ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ സുപ്രധാന വിവരങ്ങളും ഡാറ്റകളും കൈമാറരുതെന്നും ഒ.സി.സി.ഐ അഭ്യർഥിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായി ബന്ധമുള്ളതാണെന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തി വിവരങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.

ചേംബറിന്റെ അനുമതിയില്ലാതെയും ഒമാനിലെ നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും സംഘടനയുടെ പേര് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സർവേകളും അഭിപ്രായ വോട്ടെടുപ്പുകളും നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ചേംബറിന്റെ ഔദ്യോഗിക ചാനലുകൾക്ക് പുറത്ത് പ്രചരിക്കുന്ന യാതൊരുവിധ വിവരങ്ങൾക്കും ഉള്ളടക്കങ്ങൾക്കും സംഘടനയുമായി ബന്ധമില്ലെന്നും, ഇത്തരം വ്യാജ സർവേകളുമായി സഹകരിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഒ.സി.സി.ഐ ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഒമാനിലെ നിലവിലുള്ള നിയമങ്ങൾക്കും സുരക്ഷാ ചട്ടക്കൂടുകൾക്കും വിധേയമായി മാത്രമേ രാജ്യത്ത് ഇത്തരം സർവേകളും വിവരശേഖരണങ്ങളും നടത്താൻ അനുവാദമുള്ളൂ.ചേംബർ നടത്തുന്ന എല്ലാ ഔദ്യോഗിക സർവേകളും വോട്ടെടുപ്പുകളും രാജ്യത്തെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനുമായി (എൻ.സി.എസ്.ഐ) ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്. ഇവ ചേംബറിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - OCCI warns businesses against illegal social media surveys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.