മസ്കത്ത്: ദേശീയ ഗതാഗത കമ്പനിയായ മുവാസലത്ത് വഴി ഈ വർഷത്തിന്റെ ആദ്യപാദത്തിൽ യാത്ര ചെയ്തത് 8.5 ലക്ഷം പേർ. കഴിഞ്ഞ വർഷം ഇക്കാലയളവിലിത് 6.35 ലക്ഷമായിരുന്നു. ഈ വർഷം പ്രതിദിനം 9,000ത്തിലധികം യാത്രക്കാരാണ് മുവാസലാത്തിനെ ആശ്രയിക്കുന്നത്. മുവാസലാത്തിന്റെ ഫെറി സർവിസ് കഴിഞ്ഞ വർഷത്തിന്റെ ആദ്യപാദത്തിൽ 51,000 യാത്രക്കാരാണ് ഉപയോഗിച്ചതെങ്കിൽ ഈ വർഷമിത് 60,000 ആയി ഉയർന്നു.
ബസ് സർവിസ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാരിൽ 37 ശതമാനവും സ്വദേശികളാണ്. ഫെറി സർവിസുകളിലെ മൊത്തം യാത്രക്കാരിൽ 81.2 ശതമാനവും ഒമാനികളാണ്. കഴിഞ്ഞ വർഷം ആകെ 2,21,000ത്തിലധികം യാത്രക്കാരാണ് ഫെറി സർവിസ് ഉപയോഗിച്ചത്. ഷിനാസ്-ഖസബ്, ഷന്ന-മസിറ, ഖസബ്-ലിമ, ഷിനാസ്-ദിബ്ബ, ലിമ-ഷിനാസ്, ലിമ-ദിബ്ബ, ഹല്ലനിയത്ത് ഐലന്റഡുകൾ-തഖഹ് ദ്വീപുകൾ എന്നിവയാണ് ഫെറി സർവിസ് റൂട്ടുകളിൽ ഉൾപ്പെടുന്നത്. കൂടാതെ, മുസന്ദം ഗവർണറേറ്റിനെയും മസിറ ദ്വീപിനെയും ബന്ധിപ്പിക്കുന്ന സംയോജിത ബസ്, ഫെറി സർവിസുകളുമുണ്ട്.
ബസ്, ഫെറി സർവിസുകൾക്കുള്ള ഉയർന്ന ഡിമാൻഡ് ഒമാനികളുടെ പൊതുഗതാഗത സേവനങ്ങളോടുള്ള അവബോധവും താൽപര്യവുമാണ് സൂചിപ്പിക്കുന്നതെന്ന് മുവാസലാത്ത് പറഞ്ഞു. കമ്പനിയുടെ മാർക്കറ്റിങ് പ്രവർത്തനങ്ങളും അത് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത വികസിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് യാത്രക്കാരുടെ വർധനക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.