ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നോർക്ക കെയർ ഇൻഷുറൻസ്
രജിസ്ട്രേഷൻ ക്യാമ്പ്
മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മബൈല പ്രൈം മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പിനോടൊപ്പമാണ് പ്രവാസി ക്ഷേമനിധിയിലേക്കും നോർക്കയിലേക്കും രജിസ്ട്രേഷനുള്ള സൗകര്യവും കൂടി ഒരുക്കിയത്.
നിരവധി പ്രവാസികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ നടന്ന ആറോളം ക്യാമ്പുകളിലായി ആയിരക്കണക്കിന് പ്രവാസികൾക്ക് ഇരു കാർഡുകളും എടുത്ത് നൽകിയിട്ടുണ്ട്.
സാധാരണ നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽനിന്ന് വ്യത്യസ്തമായി വിവിധ ടെസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽ ക്യാമ്പാണ് നടന്നത്. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെ കൂടെ ഉൾപ്പെടുത്തണമെന്നും ജി.സി.സി രാജ്യങ്ങളിലെ ഹോസ്പിറ്റലുകളെ കൂടെ ഉൾപ്പെടുത്തണമെന്നും പ്രവാസികളുടെ മാതാപിതാക്കളെ കൂടി ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്നും ക്യാമ്പിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി വിവിധ ജി.സി.സി രാജ്യങ്ങളിൽ നോർക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തിയെങ്കിലും നിരവധി പ്രവാസികൾ ജോലിചെയ്യുന്ന ഒമാനിനെ ഒഴിവാക്കിയതിൽ ഒമാൻ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിഷേധിച്ചു. വിജി തോമസ് വൈദ്യൻ, ജസീം കരിക്കോട്, മുസ്തഫ കാരക്കാട്, രാജേഷ് പി.എസ്, അൻസാർ കരുനാഗപ്പള്ളി, സുജിത് സൈമൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.