സാംക്രമികേതര രോഗ ദേശീയ സർവേയിൽനിന്ന്
മസ്കത്ത്: ഒമാനിൽ സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനും സമൂഹാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള സർവേ പുരോഗമിക്കുന്നു. എല്ലാ ഗവർണറേറ്റുകളിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർവേ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ വ്യാപനത്തെയും അപകടസാധ്യത ഘടകങ്ങളെയും കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നൽകുന്നതിനും ആരോഗ്യത്തിനും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള ഒമാന്റെ ദീർഘകാല കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിനും ലക്ഷ്യമിടുന്നു.
രാജ്യത്തുടനീളമുള്ള സാംക്രമികേതര രോഗങ്ങളുടെ കണക്കുകളും അവയുടെ അപകട ഘടകങ്ങളും യാഥാർഥ്യബോധത്തോടെ വിലയിരുത്തുന്നതിനുള്ള നിർണായകവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ഉപകരണമാണ് സർവേയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികേതര രോഗങ്ങളുടെ വകുപ്പ് ഡയറക്ടർ ഡോ. ഷാത ബിൻത് സൗദ് അൽ റൈസി ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സഹായകമാകുന്ന സുപ്രധാന ആരോഗ്യ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ സുപ്രധാന ദേശീയ സംരംഭത്തിന്റെ ലക്ഷ്യം.
15 വയസ്സിന് മുകളിലുള്ള പൗരന്മാരെയും താമസക്കാരെയും സർവേ ലക്ഷ്യമിടുന്നു. സാംക്രമികേതര രോഗങ്ങൾ വിലയിരുത്തുക, സമഗ്രമായ ഒരു ഡേറ്റബേസ് സ്ഥാപിക്കുക, ഫലപ്രദമായ ആരോഗ്യ ആസൂത്രണത്തെ പിന്തുണക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് സർവേ നടത്തുക. ആദ്യത്തേതിൽ ഒമാനി, പ്രവാസി കുടുംബങ്ങൾക്കായുള്ള ഗാർഹിക ഭൂപടങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് ഉൾപ്പെടുന്നു.
രണ്ടാമത്തേതിൽ ഓരോ വീടിനും രണ്ട് സന്ദർശനങ്ങൾ വഴി ഡേറ്റ ശേഖരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മൂന്നാം ഘട്ടത്തിൽ ഡേറ്റ വിശകലനം, പ്രസിദ്ധീകരണം, ഫലങ്ങളുടെ പ്രചാരണം എന്നിവ ഉൾപ്പെടും
രണ്ടാം ഘട്ടത്തിൽ, തെരഞ്ഞെടുത്ത ഓരോ വീട്ടിൽനിന്നും ഒരു വ്യക്തിയെ സമഗ്രമായ ആരോഗ്യവിലയിരുത്തലിന് വിധേയമാക്കും. പങ്കെടുക്കുന്നയാൾ ഒരു ആരോഗ്യ അഭിമുഖം, ഉയരം, ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, രക്തസമ്മർദം എന്നിവയുടെ വിലയിരുത്തലുകൾ ഉൾപ്പെടുന്ന ശാരീരിക അളവുകൾക്കും വിധേയനാകും.
ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാര പരിശോധന, കൊളസ്ട്രോൾ ലെവൽ പരിശോധന എന്നിവയുൾപ്പെടെ കൂടുതൽ ബയോകെമിക്കൽ പരിശോധനകൾ നടത്തുന്നതിനായി ഒരു തുടർ ഗൃഹസന്ദർശനം ഷെഡ്യൂൾ ചെയ്യും. കൂടാതെ, വിശകലനത്തിനായി മൂത്ര സാമ്പിൾ നൽകാനും പങ്കെടുക്കുന്നയാളോട് ആവശ്യപ്പെടും. തെരഞ്ഞെടുക്കപ്പെട്ട എല്ലാ വ്യക്തികളും സർവേയിൽ പൂർണമായും പങ്കെടുക്കണമെന്നും അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
സർവേ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളും കിംവദന്തികളോ അവഗണിക്കണമെന്നും നിർദേശിച്ചു. ഈ സംരംഭത്തിൽ പൊതുജന സഹകരണത്തിന് വളരെ അധികം പ്രാധാന്യമുണ്ടെന്ന് പറഞ്ഞ മന്ത്രാലയം, കൂട്ടായ പങ്കാളിത്തം ആരോഗ്യകരമായ ഒമാൻ കെട്ടിപ്പടുക്കുന്നതിന് കാരണമാകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.