മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി ഒപ്റ്റിക്കൽ പ്രകാശ തരംഗങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ ത്രിമാന വർണ ചിത്രം തീർത്തപ്പോൾ (ഇടത്), മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി ഒരുക്കിയ വർണക്കാഴ്ചകൾ
മസ്കത്ത്: മസ്കത്ത് നൈറ്റ്സിന്റെ ആഘോഷനാളുകളിലേക്ക് വെടിക്കെട്ടോടെ തുടക്കം. മസ്കത്തിലെ വിവിധ പാർക്കുകളിൽ ഒരുക്കുന്ന വിവിധ പരിപാടികളോടെ വർണാഭമായ രാവുകൾ ഇനി ജനുവരി 31 വരെ തുടരും. വ്യാഴാഴ്ച ഔദ്യോഗികമായി തുടക്കം കുറിച്ചെങ്കിലും ആദ്യ ദിനം സന്ദർശകർ കുറവായിരുന്നു. വാരാന്ത്യ അവധി ദിനങ്ങളിൽ കൂടുതൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് പരിപാടികൾ.
മസ്കത്ത് നൈറ്റ്സിൽ വ്യാഴാഴ്ച അരങ്ങേറിയ ജാപ്പനീസ് സംഗീത പരിപാടിയിൽനിന്ന്
കഴിഞ്ഞ വർഷത്തേതിലും ഇരട്ടി സന്ദർശകരെയാണ് ഇത്തവണ അധികൃതർ പ്രതീക്ഷിക്കുന്നത്. 2024 ഡിസംബറിലും 2025 ജനുവരിയിലുമായി നടന്ന കഴിഞ്ഞ സീസണിൽ 10 ലക്ഷംപേരായിരുന്നു മസ്കത്ത് നൈറ്റ്സിന്റെ വിവിധ വേദികളിലായെത്തിയത്. മസ്കത്തിൽ ശൈത്യകാലം കൂടിയായതിനാൽ രാത്രികാല ആഘോഷപരിപാടികൾക്ക് അനുകൂല കാലാവസ്ഥയാണിത്. ഇത് ശൈത്യകാല ടൂറിസത്തിനായി ഒമാനിലെത്തുന്ന വിനോദസഞ്ചാരികളെയും മസ്കത്തിലേക്ക് ആകർഷിക്കും.
ഖുറം നേച്വർ പാർക്ക്, ആമിറാത്ത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപറ ഹൗസ്, സീബ് ബീച്ച്, ഖുറിയാത്ത് , വാദി അൽ ഖൂദ്, വിവിധ വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറുക.
അൽ ഖുറം പാർക്കിലെ തടാകത്തിൽ സംഗീതവും വെളിച്ചവും ചേർന്ന വാട്ടർ ഫൗണ്ടൻ ഷോ വർണവിസ്മയം തീർക്കും. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയാകുന്ന സർക്കസിൽ അന്താരാഷ്ട്ര കലാകാരന്മാർ അവതരിപ്പിക്കുന്ന അക്രോബാറ്റിക്സ്, എയർ ആക്ടുകൾ, ബാലൻസ് പ്രകടനങ്ങൾ എന്നിവ അരങ്ങേറും. നൂതന ഒപ്റ്റിക്കൽ പ്രകാശ തരംഗങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ ത്രിമാന വർണ ചിത്രങ്ങൾ തീർക്കും. സർക്കസിൽ കുട്ടികൾക്കായി പ്രത്യേകം മേഖല ഒരുക്കും.
ഖുറം നേച്വർ പാർക്കിൽ ഓരോ രാത്രിയും ഡ്രോൺ ലൈറ്റ് ഷോകൾ നടക്കും. കാർണിവൽ മേഖലകളിൽ കുടുംബങ്ങൾക്കായി വിനോദ ഗെയിമുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, പരേഡുകൾ, ദേശീയ -അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, സാംസ്കാരിക -കലാ-സംഗീത സന്ധ്യകൾ എന്നിവ നടക്കും.
ആമിറാത്ത് പബ്ലിക് പാർക്കും അൽ ഖുറം നേച്വർ പാർക്കും വേദിയാകുന്ന പൈതൃക ഗ്രാമത്തിൽ പരമ്പരാഗത കൈത്തൊഴിലുകൾ, ജനകീയ കലകൾ, ഒമാനി വിഭവങ്ങൾ, പൈതൃക വാസ്തുവിദ്യ പരിസരങ്ങൾ എന്നിവ അവതരിപ്പിക്കും.
അൽ ഖുവൈർ സ്ക്വയറിൽ ഒമാൻ ഡിസൈൻ വീക്ക് സംഘടിപ്പിക്കും. ഡിസൈനർമാർ, കലാകാരന്മാർ, നവാത്മക ചിന്തകർ എന്നിവർ പങ്കെടുക്കുന്ന ഈ വേദി നവീകരണം, നഗര സൗന്ദര്യം, സുസ്ഥിരത എന്നീ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന കലാസൃഷ്ടികൾ അവതരിപ്പിക്കുന്ന തുറന്ന പ്രദർശനമാകും. റോയൽ ഒപ്പറ ഹൗസിൽ ഫാഷൻ വീക്ക് സംഘടിപ്പിക്കും.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനും വാദി അൽ ഖൗദും സാഹസിക പരിപാടികൾക്ക് വേദിയാകും. പ്രഫഷനൽ ഡ്രിഫ്റ്റിങ് കാർ ഷോകൾ, സിപ്ലൈൻ, ഔട്ട്ഡോർ അഡ്വഞ്ചർ പ്രവർത്തനങ്ങൾ എന്നിയും സീബ് ബീച്ചിലെ സൂർ അൽ ഹദീദ് മേഖലയിൽ ബീച്ച് ഫുട്ബാൾ, വോളിബാൾ ടൂർണമെന്റുകളും പ്രഭാത ഫിറ്റ്നസ് സെഷനുകളും നടക്കും.
കായിക പരിപാടികളിൽ സൈക്ലിങ്, എൻഡ്യൂറൻസ് മത്സരങ്ങൾ, ഷൂട്ടിങ്, മാർഷൽ ആർട്സ്, സൗഹൃദ ഫുട്ബാൾ മത്സരങ്ങൾ, ബില്ല്യാർഡ്സ്, സ്നൂക്കർ എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.