മസ്കത്തന്റെ വിവിധ ഭാഗങ്ങളിലായി തുറന്ന ശുചിമുറികൾ
മസ്കത്ത്: താമസക്കാർക്കും സന്ദർശകർക്കും സുഖസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി നഗരത്തിലുടനീളം പുതിയ പൊതുശുചിമുറികൾ തുറന്നു. ഓരോ യൂനിറ്റിലും സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ട് വീതം ശുചിമുറികളും ഭിന്നശേഷിക്കാർക്ക് ഒരു പ്രത്യേക ശുചിമുറിയും സജ്ജീകരിച്ചിട്ടുണ്ട്. സുർ അൽ ഹദീദ് വാക്ക്വേ, സീബ് സൂഖിന് സമീപം (തെരുവ് കച്ചവടക്കാരുടെ പദ്ധതി), ദമാ സ്ട്രീറ്റ് (സയ്യിദ ഫത്മ ബിൻത് അലി അൽ സഈദ് പള്ളിക്ക് സമീപം), ദമാ സ്ട്രീറ്റ് (ദി വില്ലേജിന് സമീപം), ഖുറം ബീച്ച് (ഗ്രാൻഡ് ഹയാത്തിന് സമീപം), ബൗഷർ, അൽ മഹാ സ്ട്രീറ്റ് (തെരുവ് കച്ചവടക്കാരുടെ പദ്ധതി) എന്നിവിടങ്ങളിലാണ് പുതിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും, പൊതുജന സൗകര്യം മെച്ചപ്പെടുത്തുന്നതിനും മസ്കത്തിൽ വൃത്തിയുള്ളതും സ്വാഗതാർഹവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങളെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ഈ സൗകര്യങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ശുചിത്വം നിലനിർത്താൻ എല്ലാവരും തയാറാകണമെന്നും അധികാരികൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു. അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് സമൂഹ സഹകരണം പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.