മബേല സൗത്തിൽ പൂർത്തിയായ ഗ്രീൻ പാർക്ക് ആൻഡ് വാക്ക്വേ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബിലെ വിലായത്തിലെ മബേല സൗത്തിൽ ഗ്രീൻ പാർക്ക് ആൻഡ് വാക്ക്വേ പദ്ധതി പൂർത്തിയായതായി മസ്കത്ത് മുനിസിപ്പാലിറ്റി ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ശാരീരികവും കായികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതുവഴി സമൂഹത്തിലെ അംഗങ്ങളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സീബിലെ മസ്കത്ത് മുനിസിപ്പാലിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് ടെക്നിക്കൽ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എൻജിനീയർ മൂസ ബിൻ സലേം അൽ സഖ്രി പറഞ്ഞു.
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ചട്ടക്കൂടിനുള്ളിൽ സ്വകാര്യ സ്ഥാപനമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കിഴക്ക് അൽ നൂർ സ്ട്രീറ്റിൽനിന്ന് പടിഞ്ഞാറ് പഴയ കാർ മാർക്കറ്റുവരെ നടപ്പാതയുള്ള സീബിലെ വിലായത്തിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണിത്.
ഭിന്നശേഷിക്കാരുൾപ്പെടെ വിവിധ സമൂഹ വിഭാഗങ്ങൾക്ക് സേവനം നൽകുന്ന ഒന്നിലധികം സേവന സൗകര്യങ്ങൾ, 3,400 മീറ്റർ നടപ്പാത, സൈക്കിൾ പാത, കാൽനട മേൽപ്പാലങ്ങൾ, കുട്ടികളുടെ ഗെയിമുകൾ, കായിക ഉപകരണങ്ങൾ, മൾട്ടി-ഉപയോഗ കായിക മൈതാനങ്ങൾ, സ്കേറ്റ്ബോർഡിംഗ് ഏരിയ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
വിശ്രമ കേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയാണ് മറ്റു സൗകര്യങ്ങൾ. സ്ഥലത്തിന് ഒരു സൗന്ദര്യാത്മക സവിശേഷതയും മനോഹരമായ കാഴ്ചകളും നൽകുന്നതിനായി ഹരിത ഇടങ്ങളും പദ്ധതിതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആധുനിക നഗരങ്ങളുടെ തന്ത്രത്തെ പിന്തുണക്കുന്നതിനുമുള്ള പരിസ്ഥിതികൾ പ്രദാനം ചെയ്യുക എന്ന മുനിസിപ്പാലിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.