മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷ ഇരകളെ സംരക്ഷിക്കുന്നതിനായി തുറന്ന പുതിയ യൂനിറ്റ്
മസ്കത്ത്: മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷ ഇരകളെ സംരക്ഷിക്കുന്നതിനായി ഒമാൻ പുതിയ യൂനിറ്റ് തുറന്നു. പുരുഷന്മാരെ സ്വീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സാമൂഹിക വികസന മന്ത്രാലയമാണ് സ്വതന്ത്ര യൂനിറ്റ് സ്ഥാപിച്ചത്.
മനുഷ്യക്കടത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി നിലവിൽ ‘സംരക്ഷണ ഭവനം’ പ്രവർത്തിക്കുന്നുണ്ട്. ഈ സേവനങ്ങളുടെ ഗുണപരമായ കൂട്ടിച്ചേർക്കലാണ് പുതിയ യൂനിറ്റ്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സുൽത്താനേറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ യൂനിറ്റ്. സർക്കാർ, സിവിൽ, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. ആഗോളതലത്തിലെ മികച്ച രീതികളുമായി പൊരുത്തപ്പെടുന്നതിലൂടെ മനുഷ്യാവകാശ തത്ത്വങ്ങളും അന്താരാഷ്ട്ര കരാറുകളും ഉയർത്തിപ്പിടിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു. ഉയർന്ന നിലവാരത്തോടെയാണ് ഈ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്. ഇരകൾക്ക് സുരക്ഷിതവും സ്വകാര്യവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം അവശ്യസേവനങ്ങളും നൽകും. ആരോഗ്യസംരക്ഷണം, പോഷകാഹാരം, വിനോദപ്രവർത്തനങ്ങൾ, സമഗ്രമായ മാനസികവും സാമൂഹികവുമായ പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുനരധിവാസത്തിനും സമൂഹത്തിലേക്കുള്ള പുനഃസംയോജനത്തിനും ഈ പരിപാടികൾ ശക്തമായ ഊന്നൽ നൽകുന്നു. ഇത് ഇരകൾക്ക് അവരുടെ ജീവിതം അന്തസ്സോടെയും ശാക്തീകരണത്തോടെയും പുനർനിർമിക്കാൻ സഹായിക്കുന്നു.
ദുരുപയോഗം, അക്രമം അല്ലെങ്കിൽ ചൂഷണം എന്നിവക്ക് വിധേയരായ കുട്ടികൾക്കും ഗാർഹികപീഡനം നേരിടുന്ന സ്ത്രീകൾക്കും പരിചരണത്തിന്റെ സംയോജിത ചട്ടക്കൂട് മന്ത്രാലയത്തിന്റെ സംരക്ഷണ ഭവനം ഇതിനകംതന്നെ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.