മസ്കത്ത്: ഞായറാഴ്ച ഒമാനിൽ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷകേന്ദ്രം. ഒമാൻ സമയം 12.30നാണ് പരീക്ഷ ആരംഭിക്കുക. ഇത്തവണ 400ഓളം വിദ്യാർഥികൾ പരീക്ഷ ഏഴുതുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ വർഷം 300ന് മുകളിൽ വിദ്യാർഥികൾ ഒമാനിൽനിന്ന് പരീക്ഷ ഏഴുതിയിരുന്നു. പരീക്ഷാർഥികൾ ഒമാൻ സമയം 9.30മുതൽ റിപ്പോർട്ട് ചെയ്യണം.
ഉച്ചക്ക് 12മണിക്ക് ഗേറ്റുകൾ അടക്കും. പാസ്പോർട്ട്/ പാൻ കാർഡ്/ ലൈസൻസ്/ ഇന്ത്യ ഗവൺമെന്റ് നൽകുന്ന മറ്റേതെങ്കിലും ഐ.ഡി കാർഡ് എന്നിവയുടെ ഒറിജിനൽ തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല. പരീക്ഷയുടെ വ്യവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കി തയാറെടുപ്പുകൾ നടത്തണം. ഇൻഫർമേഷൻ ബുള്ളറ്റിൻ, സിറ്റി ഇന്റിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കണം.
ചോദ്യക്കടലാസിൽ മൊത്തം 180 ചോദ്യങ്ങളേ ഉണ്ടാവൂ. എല്ലാം നിർബന്ധമാണ് (കഴിഞ്ഞവർഷം 200 ചോദ്യങ്ങൾ നൽകിയിരുന്നു. 180 എണ്ണത്തിന് ഉത്തരം നൽകണമായിരുന്നു). പരീക്ഷ ദൈർഘ്യം മൂന്നു മണിക്കൂറായിരിക്കും (കഴിഞ്ഞ വർഷം മൂന്നു മണിക്കൂർ 20 മിനിറ്റ് ആയിരുന്നു).പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും (പേജ് 57, 60) അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികൾ/രേഖകൾ മാത്രമെ കൈവശമുണ്ടാകാൻ പാടുള്ളൂ.
ഏറെ കാലത്തെ മുറവിളിക്കൊടുവിൽ 2022ലാണ് ഒമാനിൽ ആദ്യമായിട്ട് പരീക്ഷകേന്ദ്രം അനുവദിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 600ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പരീക്ഷക്കായി വിദ്യാർഥികൾ ബുറൈമി, സൂർ, സലാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മസ്കത്തിൽ വെള്ളിയാഴ്ചതന്നെ എത്തിയിട്ടുണ്ട്. പലരും ബന്ധുക്കളുടെ വീട്ടിലും മറ്റുമാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.