തെക്കൻ ശർഖിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ഫിഷ് ഇൻഡസ്ട്രീസ് സിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സേവന കരാറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽനിന്ന്
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ നടപ്പിലാക്കുന്ന ഫിഷ് ഇൻഡസ്ട്രീസ് സിറ്റി പദ്ധതിയുടെ രൂപകൽപ്പനക്കും മേൽനോട്ടത്തിനുമുള്ള കൺസൾട്ടൻസി സേവന കരാറിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ഒപ്പുവെച്ചു.
16.37 ലക്ഷം ഒമാനി റിയാൽ ആണ് കരാർ മൂല്യം. മന്ത്രാലയത്തിന് വേണ്ടി ഫിഷറീസ് വിഭാഗം അണ്ടർസെക്രട്ടറി എൻജി. യാക്കൂബ് ഖൽഫാൻ അൽ ബുസൈദിയും കമ്പനിക്ക് വേണ്ടി ഖത് അൽ തൗൽ എഞ്ചിനീയറിങ് കൺസൾട്ടൻസി സി.ഇ.ഒ അലി മുഹമ്മദ് അൽ മഷാലിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കരാർ പ്രകാരം കൺസൾട്ടൻസി സ്ഥാപനം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക സാങ്കേതിക പഠനങ്ങളും എഞ്ചിനീയറിങ് ഡിസൈനുകളും തയാറാക്കും. പദ്ധതിയുടെ ആഗോള നിലവാരവും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ ആവശ്യമായ പഠനങ്ങളും ഇവർ നടത്തും.
ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഗവർണറേറ്റുകളുടെ വികസനത്തിനുമായി വിഭാവനം ചെയ്ത തന്ത്രപ്രധാനമായ പദ്ധതിയാണിത്.
ഒമാനിലെ മത്സ്യബന്ധന വ്യവസായത്തിന്റെ വളർച്ചക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഈ മേഖലയുടെ മൂല്യം വർധിപ്പിക്കാനും ഫിഷ് ഇൻഡസ്ട്രീസ് സിറ്റി പദ്ധതി വഴി സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.