മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ വേനലവധി ജൂലൈ-ആഗസ്റ്റ് മാസങ്ങളിലേക്ക് ഏകീകരിക്കണമെന്നും നിലവിലുണ്ടായിരുന്ന പൂർണ വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിക്ക് നിവേദനം സമർപ്പിച്ചു. തുടർന്ന്, എംബസി അധികൃതരുമായി ചർച്ച നടത്തി. സ്‌കൂൾ മാനേജ്മെന്റുകളും ഡയറക്ടർ ബോർഡുകളും അടുത്തിടെ നടപ്പാക്കിയ അക്കാദമിക് കലണ്ടർ മാറ്റങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും, ഒമാനിലെ പ്രാദേശിക സ്കൂളുകളിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് വേനലവധി അനുവദിക്കുന്നത്. എന്നാൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഇപ്പോഴും ജൂൺ, ജൂലൈ മാസങ്ങളെ കേന്ദ്രീകരിച്ച വ്യത്യസ്ത അക്കാദമിക് കലണ്ടറാണ് പിന്തുടരുന്നത്.
അക്കാദമിക് വർഷം ഏപ്രിലിൽ ആരംഭിച്ച് ഏതാനും ആഴ്ചകൾക്കകം ദീർഘമായ അവധിയിലേക്ക് കടക്കേണ്ടി വരുന്നത് പഠനത്തിന്റെ തുടർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വേനലവധി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റിയാൽ വിദ്യാർഥികൾക്ക് പാഠ്യപദ്ധതിയുടെ വലിയൊരു ഭാഗം പൂർത്തിയാക്കിയ ശേഷമേ അവധിയിലേക്ക് പോകേണ്ടിവരൂ. ഇത് പഠന നിലവാരവും അക്കാദമിക് തുടർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കും.
പരമ്പരാഗത വേനലവധി വെട്ടിക്കുറക്കാൻ അടുത്തിടെ സ്കൂൾ അക്കാദമിക് കമ്മിറ്റി എടുത്ത തീരുമാനത്തിലും രക്ഷിതാക്കൾ ആശങ്ക രേഖപ്പെടുത്തി. ഇതിന്റെ ഫലമായി വിദ്യാർഥികൾക്ക് ഒമാനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും സ്‌കൂളുകളിലെ കുട്ടികളെക്കാൾ വളരെ നേരത്തെ ക്ലാസുകളിൽ തിരിച്ചെത്തേണ്ട സാഹചര്യമാണുള്ളത്. വേനലവധി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അതോടൊപ്പം ഇന്ത്യൻ പ്രവാസി കുടുംബങ്ങളുടെ യാത്രാ പദ്ധതികളെയും കുടുംബബന്ധങ്ങളെയും പുതിയ ക്രമീകരണം ബാധിക്കുന്നുവെന്ന് നിവേദനത്തിൽ പറയുന്നു. വേനലവധി പരിഷ്‌കരണ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ഡയറക്ടർ ബോർഡിന് നേരത്തേ തന്നെ രക്ഷിതാക്കൾ നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും നേരിട്ട് ബാധിക്കുന്ന ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് രക്ഷിതാക്കളുമായി ചർച്ചകൾ നടത്താൻ സ്കൂൾ അധികാരികൾ തയാറാകണം.
വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ട് അനുകൂലമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിവേദക സംഘത്തിന് നേതൃത്വം നൽകിയ അനു ചന്ദ്രൻ, ബിനു കേശവൻ, റിയാസ് കൊട്ടാപ്പുറത്ത്, അഭിലാഷ് ശിവൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.