മസ്കത്ത്: ഒമാനിൽ സാമൂഹിക സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരാത്ത പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ തൊഴിലുടമകൾ കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ഇത് സംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് ഗ്രാറ്റ്വിറ്റി കണക്കാക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ച് വിശദീകരണം നൽകിയത്. തൊഴിൽ കരാർ അവസാനിക്കുന്ന മുറക്ക് നിലവിലുള്ള തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കമ്പനികൾ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
വിവിധ കാലയളവുകളിൽ ഒമാനിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി കണക്കാക്കുന്നതിനായി രണ്ട് രീതികളാണ് മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്. പഴയ തൊഴിൽ നിയമം നിലവിലിരുന്ന സമയത്ത് ഒപ്പിട്ട തൊഴിൽ കരാറുകൾ പ്രകാരം, സർവീസിലെ ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഓരോ വർഷത്തിനും 15 ദിവസത്തെ ശമ്പള നിരക്കിലും, അതിനുശേഷമുള്ള തുടർന്നുള്ള ഓരോ വർഷത്തെ സർവീസിനും ഒരു മാസത്തെ ശമ്പള നിരക്കിലുമാണ് ഗ്രാറ്റ്വിറ്റി കണക്കാക്കേണ്ടത്.
അതേസമയം, റോയൽ ഡിക്രി നമ്പറായ 53/2023 പ്രകാരം പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമത്തിന് കീഴിൽ ഒപ്പിട്ട തൊഴിൽ കരാറുകൾക്ക്, ജീവനക്കാരൻ ജോലി പൂർത്തിയാക്കിയ ഓരോ വർഷത്തിനും കുറഞ്ഞത് ഒരു മാസത്തെ അടിസ്ഥാന ശമ്പളമെങ്കിലും ഗ്രാറ്റ്വിറ്റിയായി നൽകേണ്ടതുണ്ട്. ജീവനക്കാരന് ഏറ്റവും ഒടുവിൽ ലഭിച്ച അടിസ്ഥാന ശമ്പളത്തെ (ലാസ്റ്റ് ബേസിക് വേജ്) മാനദണ്ഡമാക്കിയായിരിക്കണം അന്ത്യസേവന ആനുകൂല്യങ്ങൾ കണക്കാക്കേണ്ടതെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.