ദേശീയ ഓട്ടിസം സെന്റർ പ്രഥമ വനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: സാമൂഹിക വികസന മന്ത്രാലയത്തിന്റെ ദേശീയ ഓട്ടിസം സെന്റർ മസ്കത്ത് ഗവർണറേറ്റ് സീബ് വിലായത്തിലെ അൽഖൂദിൽ പ്രവർത്തനം തുടങ്ങി. പ്രഥമ വനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയവും ഒമാൻ എൽ.എൻ.ജിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് സുൽത്താനേറ്റിലെ ആദ്യത്തെ നാഷനൽ ഓട്ടിസം സെന്റർ യാഥാർഥ്യമാക്കിയത്. എല്ലാ പ്രായത്തിലുമുള്ള ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് അത്യാധുനിക പുനരധിവാസവും ചികിത്സ സേവനങ്ങളും നൽകുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
ബിഹേവിയറൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറപ്പി, വൊക്കേഷനൽ റീഹാബിലിറ്റേഷൻ എന്നിവയുൾപ്പെടെ സേവനങ്ങൾ നൽകുന്ന കേന്ദ്രത്തിന്റെ വിവിധ ഹാളുകളും സൗകര്യങ്ങളും പ്രഥമ വനിത സന്ദർശിച്ചു.
സംഗീതം, നീന്തൽ, സ്പോർട്സ് കോർണറുകൾ തുടങ്ങി കേന്ദ്രത്തിനുള്ളിലെ വിവിധങ്ങളായ വിനോദ പ്രവർത്തനങ്ങളെ കുറിച്ചും പ്രഥമ വനിതക്ക് വിശദീകരിച്ചു കൊടുത്തു. ഓട്ടിസം ബാധിച്ച സമൂഹത്തെ പിന്തുണക്കുന്നതിനായി കെയർ ടേക്കർമാരും സ്പെഷലിസ്റ്റുകളും നടത്തുന്ന അർപ്പണബോധത്തിന് സുൽത്താന്റെ പത്നി നന്ദി അറിയിക്കുകയും ചെയ്തു.സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ പ്രഥമ വനിതക്ക് സ്മരണിക കൈമാറി. 2.5 ദശലക്ഷം റിയാൽ ചെലവഴിച്ച് നിർമിച്ച നാഷനൽ ഓട്ടിസം സെന്റർ കോമ്പൗണ്ടിന്റെ ആകെ വിസ്തീർണം 23,600 ചതുരശ്ര മീറ്ററാണ്. പ്രധാന കെട്ടിടം മൊത്തം 5,225 ചതുരശ്ര മീറ്ററിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.