മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: ഒമാന്റെ വികസനത്തിന് കുതിപ്പേകിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളവും സലാല അന്താരാഷ്ട്ര വിമാനത്താവളവും വാർഷികഘോഷ നിറവിൽ. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏഴാം വാര്‍ഷികവും സലാല വിമാനത്താവളത്തിന്റെ പത്താം വാർഷികവുമാണ് സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച ആഘോഷിച്ചത്.
സലാല അന്താരാഷ്ട്ര വിമാനത്താവളം
രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയിലെ വികസനത്തിലും ആധുനീകരണത്തിലും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളവും സലാല അന്താരാഷ്ട്ര വിമാനത്താവളവും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ മത്സരാധിഷ്ഠിത വ്യോമയാന അന്തരീക്ഷം ഉറപ്പാക്കുന്ന സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ലക്ഷ്യത്തിലേക്കുകൂടിയാണ് നയിക്കുന്നത്. 2018 നവംബര്‍ 11നായിരുന്നു മസ്കത്ത് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്.
ഇന്ന് ഓമാനിലെ പ്രധാന എയര്‍ ഹബ്ബാണ് മസ്കത്ത് വിമാനത്താവളം. 15-25 ദശലക്ഷം യാത്രക്കാരുടെ വിഭാഗത്തില്‍ ലോകത്ത് 11ാം സ്ഥാനത്തെത്തിയാണ് വിമാനത്താവളം ആഗോളസഞ്ചാരഭൂപടത്തിൽ ശ്രദ്ധ നേടിയത്. കഴിഞ്ഞമാസം 10.6 ലക്ഷം യാത്രക്കാരെയാണ് മസ്കത്ത് വിമാനത്താവളം സ്വീകരിച്ചത്. 2024 ഒക്ടോബറിൽ ഇത് 9.55 ലക്ഷമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2024ല്‍ മസ്കത്ത് വിമാനത്താവളത്തിലെ തെക്കുവശത്തുള്ള റണ്‍വേ പദ്ധതി പൂര്‍ത്തിയാക്കിയിരുന്നു. നാല് കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും വരുന്ന പുതിയ റണ്‍വേ എല്‍.ഇ.ഡി ലൈറ്റിങ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം (5-15 ദശലക്ഷം യാത്രക്കാരുടെ വിഭാഗം), മികച്ച സ്റ്റാഫ്, എളുപ്പമാര്ഗത്തിലുള്ള യാത്രാനുഭവം, ഏറ്റവും വൃത്തിയായ വിമാനത്താവളം എന്നീ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ മസ്കത്ത് വിമാനത്താവളത്തിന് ലഭിച്ചിരുന്നു.
5.8 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്നതാണ് വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെര്‍മിനല്‍. രണ്ടുകോടി യാത്രക്കാരെ പ്രതിവര്‍ഷം സ്വീകരിക്കാൻ ശേഷിയുള്ള മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭാവിയില്‍ 5.6 കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്. 2015 നവംബര്‍ 11ന് പ്രവര്‍ത്തനം ആരംഭിച്ച സലാല വിമാനത്താവളം ദോഫാറിനെ രാജ്യത്തിനകത്തും വിദേശത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടമാണ്. പ്രദേശത്തെ വിനോദസഞ്ചാര-സാമ്പത്തിക വളര്‍ച്ചക്ക് സലാല വിമാനത്താവളം വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞമാസം 1.04 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിൽ 91,000 യാത്രക്കാരായിരുന്നു സലാല വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ മാത്രം 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
വിമാനഗതാഗതത്തിലും എട്ടുശതമാനം വളര്‍ച്ച രേഖപ്പെടുത്തി.2019 മുതല്‍ ഫൈവ് സ്റ്റാർ സ്കൈട്രാക്സ് റേറ്റിങ് നിലനിര്‍ത്തി വരുന്ന സലാല വിമാനത്താവളം രണ്ട് ദശലക്ഷത്തില്‍ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോക വിമാനത്താവളങ്ങളില്‍ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. 2024ല്‍ രണ്ട് ദശലക്ഷത്തില്‍ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിമാനത്താവള വിഭാഗത്തിൽ മികച്ച വിമാനത്താവളം, മികച്ച സ്റ്റാഫ്, എളുപ്പമാർഗത്തിലുള്ള യാത്രാനുഭവം, വൃത്തിയുള്ള വിമാനത്താവളം, ഏറ്റവും ആസ്വാദ്യകരമായ വിമാനത്താവളം എന്നീ അഞ്ച് അവാര്‍ഡുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.