മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി നടന്ന ആഘോഷ
പരിപാടികളിൽനിന്ന്
മസ്കത്ത്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒരുദിവസം നിർത്തിവെച്ച മസ്കത്ത് നൈറ്റ്സിലെ ആഘോഷ പരിപാടികൾ ശനിയാഴ്ച മുതൽ പുനരാരംഭിച്ചു. ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലെ വെള്ളിയാഴ്ചത്തെ പരിപാടികളായിരുന്നു മാറ്റിവെച്ചിരുന്നത്. അതേസമയം, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിലെ ഇൻഡോർ പരിപാടികൾ ഷെഡ്യൂൾ പ്രകാരം നടക്കുകയും ചെയ്തിരുന്നു.
തണുത്ത കാലാവസ്ഥയിലും നൂറുകണക്കിന് ആളുകളാണ് മസ്കത്ത് നൈറ്റ്സിന്റെ വേദികളിലേക്ക് എത്തിയത്. ഇ-ഗെയിമുകൾ, വിനോദ-സാംസ്കാരിക പരിപാടികൾ, മാജിക് ഷോ തുടങ്ങിയവ ആസ്വദിക്കാനായി കുടുംബവുമായാണ് പലരും വേദികളിൽ എത്തുന്നത്. ഇ-ഗെയിമുകൾ കുട്ടികളെയും യുവാക്കളേയുമാണ് കൂടുതലും ആകർഷിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന ഗെയിമുകൾ ആസ്വാദനത്തിന്റെ പുത്തനനുഭവമാണ് നൽകുന്നത്. യുവാക്കളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് മസ്കത്ത് നൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചീഫ് മീഡിയ കോഓഡിനേറ്റർ ഇബ്രാഹീം അൽ ഹസനി പറഞ്ഞു.
ദിവസവും വൈകീട്ട് നാലുമുതൽ രാത്രി 11വരെയാണ് മസ്കത്ത് നൈറ്റ്സിന്റെ പരിപാടികൾ നടക്കുന്നത്. വാരാന്ത്യങ്ങളിൽ ഖുറം നാചുറൽ പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ 12 മണിവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സാഹസിക വിനോദങ്ങൾ, ഫുഡ്കോർട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുട്ടികളെ ആകർഷിക്കുന്ന ഇലക്ട്രിക് ഗെയിം ഷോ, ഡ്രോൺ, ലേസർ ഷോകൾ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.