വകാൻ വില്ലേജിലെ കാഴ്ച

പെരുന്നാൾ അവധി: സ്വദേശി ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒമാൻ

മസ്കത്ത്: ഈദുൽ ഫിത്വർ അവധിക്കാലത്ത് രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഒമാന്റെ പ്രകൃതിഭംഗിയും വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും അടുത്തറിയാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പെരുന്നാൾ അവധി ദിനങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ വൈവിധ്യമാർന്ന സാംസ്കാരിക-വിനോദ പരിപാടികൾ അരങ്ങേറും. നാടൻ കലാരൂപങ്ങൾ, നാടകങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവക്കു പുറമെ തനത് ഭക്ഷണശാലകളും കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും കാമ്പയിനിന്റെ ഭാഗമായി ഒരുക്കും.

ആഭ്യന്തര ടൂറിസം സജീവമാക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം ചരിത്ര സ്മാരകങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ കുടുംബസമേതം സന്ദർശനം നടത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. മലകയറ്റം, ക്യാമ്പിങ്, ഗുഹാ പര്യവേക്ഷണം, വാദികളിലെ വിനോദങ്ങൾ, കടൽ യാത്രകൾ എന്നിവ ഇഷ്ടപ്പെടുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഉറപ്പാക്കും.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽകരണത്തിൽ ടൂറിസം മേഖലയുടെ പങ്കു വർധിപ്പിക്കുകയാണ് കാമ്പയിൻ ഉന്നമിടുന്നത്. അവധിക്കാലത്ത് ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Eid holiday: Oman to promote domestic tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.