മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഒരുമാസത്തിലേറെ സുന്ദരകാഴ്ചകൾ സമ്മാനിച്ച് തലസ്ഥാന നഗരിയുടെ വിവിധ വേദികളിലായി നടന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന് തിരശ്ശീല വീണു. സംസ്കാരം, വിനോദം, സാഹസികത എന്നിവയിലൂന്നി 41 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ 1.7 ദശലക്ഷം ആളുകളാണ് സന്ദർശകരായെത്തിയത്. ഇതൊരു ചരിത്ര സംഭവമാണെന്നും ഇത്രയും ആളുകളെ ആകർഷിക്കാൻ സാധിച്ചത് റെേക്കാഡാണെനും മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.
ഏഴ് സ്ഥലങ്ങളിലായി പരിപാടികൾ നടത്തുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ ബന്ധപ്പെട്ട എല്ലാ അധികാരികളും ഉൾപ്പെടുന്ന തയാറെടുപ്പ് സമിതിക്ക് ഇതിനെ മറികടക്കാൻ സാധിച്ചു. ഇതിന് ഞാൻ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുറം നാച്വറൽ പാർക്ക്, അമീറാത്ത് പാർക്ക്, നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സീബ് ബീച്ച്, വാദി അൽ ഖൂദ്, സുർ അൽ ഹദീദ്, മസ്കത്ത് ഗ്രാൻഡ് മാൾ, അൽ അറൈമി ബൊളിവാർഡ്, സീബ് ബൗളിങ് സെന്റർ എന്നിവയുൾപ്പെടെ മസ്കത്തിലെ ഒന്നിലധികം വേദികളിലായായിരുന്നു മസ്കത്ത് നൈറ്റ്സ് അരങ്ങേറിയിരുന്നത്. സമാപന ദിവസങ്ങളിൽ ആയിരകണക്കിന് ആളുകളാണ് വേദികളിലേക്ക് ഒഴുകിയത്.
ഫെസ്റ്റിവലിലെ സുന്ദര മുഹൂർത്തങ്ങൾ അവസാനമായി ഒരുവട്ടം കൂടി കാണാനായി കുട്ടികളും സ്ത്രീകളും ഒഴുകിയതോടെ നല്ല തിരക്കാണ് വിവിധ വേദികളിലായി അനുഭവപ്പെട്ടത്. ഈ വർഷത്തെ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഒമാനി പരമ്പരാഗത ഗ്രാമമായ ഹെറിറ്റേജ് വില്ലേജ്. സുഗന്ധദ്രവ്യങ്ങളുടെയും അതിന്റെ ഉൽപന്നങ്ങളുടെയും വിശാലമായ ലോകം ഇവിടെ തുറന്നിരുന്നു. ദൈനംദിന സാംസ്കാരിക പരിപാടികൾക്കും പ്രമുഖ പണ്ഡിതരുടെയും കവികളുടെയും പ്രഭാഷണങ്ങളും നഗരി വേദിയായി.
വിനോദത്തിനും ഉല്ലാസത്തിനും അപ്പുറം നൂറുകണക്കിന് ഒമാനി ചെറുകിട ഇടത്തരം സംരംഭ ഉടമകൾക്ക് അവരുടെ നെറ്റ്വർക്കിങ് തന്ത്രത്തിനുള്ള വേദിയായി മസ്കത്ത് നൈറ്റ്സ് മാറി. ഫെസ്റ്റിവൽ ഗ്രൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ സന്ദർശകരിലേക്ക് അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ കഴിഞ്ഞു. ഒരു ദശലക്ഷത്തിലധികം ആളുകൾ ഇതിനകം ഫെസ്റ്റിവലിലേക്ക് എത്തിയിട്ടുള്ളത്.
സുഖകരമായ കാലാവസ്ഥയായതിനൽ സത്രീകളും കുട്ടികളുമടക്കമുളള സന്ദർശകർ വിവിധ വേദികളിലേക്കായി ഒഴുകുകയായിരുന്നു. ഏതുപ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കുടുംബവുമായിട്ടാണ് ഇത്തരം ആഘോഷരാവുകളിലേക്ക് സ്വദേശികളും വിദേശികളും എത്തിയിരുന്നത്. വാരാന്ത്യദിനങ്ങളിലാണ് മസ്ത്ത് നൈറ്റ്സ് ഫെസ്റ്റിവൽ വേദിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.