മത്ര സ്ക്വയർ പദ്ധതിയുടെ രൂപരേഖ
മസ്കത്ത്: പ്രഥമ ബിൽ അറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ് നേടിയ മത്ര സ്ക്വയർ പദ്ധതി മസ്കത്ത് മുനിസിപ്പാലിറ്റി അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ നടപ്പാക്കും. ഇതിനുള്ള ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും.
‘സുസ്ഥിരവും സമൃദ്ധവുമായ ഭാവിയിലേക്ക്’ തലക്കെട്ടിൽ നടന്ന മസ്കത്ത് ഡയലോഗ് സെഷനുകളിലാണ് അധികൃതർ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പദ്ധതിയുടെ വിശദമായ ഭൂപടം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മസ്കത്ത് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
അടുത്ത വർഷം പരിസ്ഥിതി ഏജൻസിയുമായി (ഇ.എ) ഏകോപിപ്പിച്ച് ഖുറം റിസർവിനെ ഖുറം പാർക്കുമായി ലയിപ്പിക്കാനും നടത്തം, ബോട്ട് സവാരി, മ്യൂസിയം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ക്യാമ്പിങ് പ്രേമികൾക്കായി ഖുറിയാത്തിനെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതിയും നിലവിലുണ്ട്.
പൊതുവിപണികളും ബീച്ചുകളും വികസിപ്പിക്കുക, സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്ഫോം സൃഷ്ടിക്കുക, സംയോജിത ടൂറിസ്റ്റ് ക്യാമ്പുകൾ സ്ഥാപിക്കുക, മത്സ്യ ഉൽപന്നങ്ങൾക്കായി ഫാക്ടറി രൂപവത്കരിക്കുക എന്നിങ്ങനെ 26 സംരംഭങ്ങൾ ചർച്ച ചെയ്തു. സെഷനുകളിൽ യുവാക്കൾ അവതരിപ്പിക്കുന്ന ആശയങ്ങൾ യഥാർഥ അവസര പദ്ധതികളാക്കി മാറ്റുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ ഹമദ് അൽ ഹുമൈദി പറഞ്ഞു.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് മത്ര സ്ക്വയർ പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടനയാകും പദ്ധതി നടപ്പാക്കുന്നതിലൂടെ മത്രക്ക് കൈവരിക.
അഹമ്മദ് മുഹമ്മദ് അൽ ഗദാമി, ഉമൈമ മഹ്മൂദ് അൽ ഹിനായ്, അബ്ദുല്ല സാലിഹ് അൽ ബഹ്രി എന്നിവരുടെ മത്ര സ്ക്വയർ പദ്ധതിയായിരുന്നു പ്രഥമ ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാരം നേടിയിരുന്നത്. ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്കായിരുന്നു പുരസ്കാരം നൽകിയിരുന്നത്. 20,000 റിയാലായിരുന്നു സമ്മാന തുക.
മുനിസിപ്പാലിറ്റിയിലെ വിദഗ്ധരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് സുഗമമാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി നേരത്തെ വ്യക്തമാക്കിയിരുന്നു 7,500 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സുൽത്താൻ ഖാബൂസ് തുറമുഖം ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന മത്ര ഒമാനി നാഗരികതയുടെ ചരിത്രപരവും സാംസ്കാരികവുമായ സുപ്രധാന സ്ഥലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.