മസ്കത്ത്: തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ അലക്കിയിടുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ചെയ്യുന്നവർക്ക് 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
നഗര സൗന്ദര്യത്തിന് കോട്ടംതട്ടുന്ന പ്രവർത്തിയായതിനാലാണ് അധികൃതർ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. അടുത്തിടെ പലതാമസക്കാരും ഇക്കാര്യം ഒന്നും ശ്രദ്ധിക്കാതെയാണ് ഫ്ലാറ്റുകളിലും തമാസസ്ഥലത്തും വസ്ത്രങ്ങൾ അലക്കിയിടുന്നത്. ഇത് വർധിച്ചതോടെയാണ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍, മറയുള്ള ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാന്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല. നഗരത്തിലെ പാര്‍പ്പിട മേഖലകളിലും മറ്റുമായി വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗങ്ങളിലാണ് കൂടുതലായി വസ്ത്രങ്ങൾ മറയൊന്നുമില്ലാതെ അലക്കിയിടുന്ന പ്രതിഭാസം കണ്ടുവരുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ കെട്ടിട ഉടമകളും താമസക്കാര്‍ക്ക് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കാറുണ്ട്.
മൂന്ന് നിലയില്‍ കൂടുതല്‍ ഉയരമുള്ള താമസ കെട്ടിടങ്ങളില്‍ ഓരോ താമസ ഫ്ലാറ്റുകള്‍ക്കും പ്രത്യേകം ബാല്‍ക്കണികള്‍ ഉറപ്പുവരുത്തണമെന്ന് നഗരസഭ നിര്‍ദേശിച്ചു. ആവശ്യമായ മറകള്‍ ഉറപ്പുവരുത്തുകയും വേണം.
ബാല്‍ക്കണികള്‍ മറക്കുന്നതിന് മെറ്റല്‍ മെഷ് ഉപയോഗിക്കരുതെന്നും നഗരസഭാ അധികൃതര്‍ നിര്‍ദേശിച്ചു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മസ്കത്ത് നഗരസഭ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.