മസ്കത്ത്: ഒമാനിൽ പാചകവാതക (എൽ.പി.ജി) സിലിണ്ടറുകളുടെ വില വർധിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് മസ്കത്ത് ഗ്യാസ് കമ്പനി.
നിലവിൽ പാചകവാതക വിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും നിശ്ചയിച്ച നിരക്കിനെക്കാളും കൂടുതൽ തുക ഈടാക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളും അംഗീകരിച്ചിട്ടുള്ള കൃത്യമായ നിരക്കിലാണ് നിലവിൽ പാചകവാതക സിലിണ്ടറുകളുടെ വിതരണം തുടരുന്നതെന്നും മസ്കത്ത് ഗ്യാസ് സ്ഥിരീകരിച്ചു. പാചകവാതക വില കൂട്ടിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
അംഗീകൃത നിരക്കിനേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഏതൊരു വ്യക്തിയും സ്ഥാപനവും നിലവിലുള്ള സർക്കാർ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. അത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ, എവിടെയെങ്കിലും നിശ്ചിത വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് മസ്കത്ത് ഗ്യാസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.