മസ്കത്ത്: 1447 വര്‍ഷം മുമ്പ് പ്രവാചകര്‍ മുഹമ്മദ് നബി മക്കയില്‍നിന്ന് മദീനയിലേക്ക് നടത്തിയ പലായനത്തിന്റെ ദൃശ്യാവിഷ്കാരത്തിന് (ഹിജ്റ എക്സ്പെഡിഷന്) മസ്കത്ത് വേദിയാകുന്നു. മുഹമ്മദ് നബിയുടെ 1500ാം ജന്മദിനം പ്രമാണിച്ച് ‘തിരുവസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീളുന്ന കാമ്പയിന്റെ ഭാഗമായാണ് മസ്കത്ത് റീജ്യന് കീഴില്‍ ഹിജ്റ എക്സ്പെഡിഷന് ഒരുക്കുന്നത്. ഒക്ടോബര്‍ 17ന് വൈകീട്ട് ഏഴ് മണി മുതല്‍ ബൗഷര്‍ ഒമാന്‍ ഹാളില്‍ നടക്കുന്ന സെഷന് കേരളത്തില്‍ നിന്നുള്ള പണ്ഡിതനും വാഗ്മിയുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നേതൃത്വം നല്‍കും.
പ്രവാചകരും സഹചാരികളും സഞ്ചരിച്ച വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയില്‍, അതേ പാതയിലൂടെ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സൗദി ഗവേഷകരോടൊപ്പം നടത്തിയ ഒരു അന്വേഷണയാത്രയുടെ ദൃശ്യാവിഷ്കാരമാണ് ഹിജ്റ എക്സ്പെഡിഷന്.
സൗയിലെ പ്രമുഖ പണ്ഡിതനായ ഡോ. അബ്ദുല്ല ഖാളിയുടെ ‘എ ഫോട്ടോഗ്രാഫി ജേണി’ എന്ന പുസ്തകവും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നടത്തിയ ഹിജ്റ അന്വേഷണയാത്രയും ഈ വിഷയത്തിലെ ഒരു പുതിയ ചുവടുവെപ്പാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രവാചകര്‍ ഹിജ്റ പോയ വഴികള്‍, പ്രധാനപ്പെട്ട ഇടങ്ങള്‍, വിശ്രമിച്ച സ്ഥലങ്ങള്‍ തുടങ്ങി സഞ്ചാരവഴിയിലെ 43 മൈല്‍സ്റ്റോണുകള്‍ ഉള്‍പ്പെടെ വളരെ കൃത്യമായി ഹിജ്റയുടെ ജിയോഗ്രാഫിയും അനുബന്ധ വര്‍ത്തമാനങ്ങളും പങ്കുവെക്കുന്നതാണ് പ്രദർശനമെന്നും ഭാരവാഹികൾ പറഞ്ഞു.
ഐ.സി.എഫ് മസ്കത്ത് റീജ്യന് പ്രസിഡന്റ് സയ്യിദ് സാഖിബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി നിസാര്‍ പൂക്കോത്ത്, ഐ.സി.എഫ് നാഷനല്‍ സെക്രട്ടറി അജ്മല്‍, സ്വാഗതസംഘം പ്രസിഡന്റ് ഉസ്മാന് സഖാഫി, കണ്‍വീനര്‍ ഖാരിജത്ത്, പബ്ലിസിറ്റി ലീഡ് ഇര്‍ശാദ് കറ്റാനം, ഫിനാന്‍സ് ലീഡ് ശഫീഖ് കുഞ്ഞുമോന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.