മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപി’ന്റെ റേറ്റിങ്ങിൽ തിളക്കമാർന്ന നേട്ടവുമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ് മസ്കത്ത് എയർപോർട്ട് സ്വന്തമാക്കിയത്. ശരാശരി സ്കോർ 8.54 ആണ്. കൃത്യനിഷ്ഠക്ക് 8.4, ഉപഭോക്തൃ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്കത്ത് നേടിയ സ്കോർ. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെയും എയർലൈനുകളുടെയും പ്രകടനം വിലയിരുത്തിയാണ് എയർഹെൽപ് സ്കോർ പുറത്തിറക്കിയിരിക്കുന്നത്.
ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച്, കൃത്യനിഷ്ഠ, ഉപഭോക്തൃ അഭിപ്രായം, ക്ലെയിം പ്രോസസിങ് എന്നിവയുടെ അടിസ്ഥാനത്തിൽ 83 പ്രമുഖ എയർലൈനുകളെയാണ് വിലയിരുത്തിയത്.
ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 8.41 പോയന്റുമായി ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തെത്തി. എയർലൈൻ റാങ്കിങ്ങിൽ 10ൽ 8.38 സ്കോർ നേടി ഖത്തർ എയർവേസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള യൂറോവിങ്സ്, ലോട്ട് പോളിഷ് എയർലൈൻസ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.
7.79 സ്കോറോടെ ഒമാൻ എയർ ആഗോളതലത്തിൽ 14-ാം സ്ഥാനത്താണ്. കൃത്യസമയം പാലിക്കൽ ( 9.3), ഉപഭോക്തൃ അഭിപ്രായം (8.1), ക്ലെയിം പ്രോസസിങ് (6) എന്നിങ്ങനെയാണ് ഒമാൻ എയർ നേടിയ സ്കോർ. ലോകതലത്തിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന എയർലൈൻ ടുണിസെയർ ആണ്. ആഗോളാടിസ്ഥാനത്തിൽ 194 വിമാനത്താവളങ്ങളെ സൂക്ഷ്മപരിശോധന നടത്തിയാണ് റേറ്റിങ് പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.