രാജ്യത്ത് നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽനിന്ന്
മസ്കത്ത്: രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ ഇതുവരെ നൽകിയത് ഏഴു ദശലക്ഷത്തോളം വാക്സിൻ ഡോസുകൾ. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഉയർന്ന വാക്സിനേഷൻ നിരക്ക് രോഗികളുടെ ആശുപത്രിവാസം കുറക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 69,67,597 ഡോസ് വാക്സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുത്.
അതേസമയം, രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക കാമ്പയിൻ ഒരുക്കിയാണ് വാക്സിനേഷൻ നടക്കുന്നത്. ഇത്തരം കാമ്പയിനുകളാണ് രാജ്യത്തെ വാക്സിനേഷൻ നടപടികളെ ത്വരിതപ്പെടുത്തിയതെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു. രാജ്യത്ത് ഒമിക്രോണിനെ തുടർന്ന് കോവിഡ് കേസുകൾ ജനുവരിയിലായിരുന്നു കുതിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ നൂറും ഇരുനൂറും കേസുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 2000ത്തിന് മുകളിലേക്ക് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി.
ഇതോടെ ആശുപത്രിവാസവും മരണനിരക്കും കുതിച്ചുയരാൻ തുടങ്ങി. ഇത് ആരോഗ്യമേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തി. ജനുവരിയുടെ പകുതിയിലൊക്കെ ദിനേന 25ന് താഴെ പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, അവസാനമാകുമ്പോഴേക്കും 80ന് മുകളിൽവരെ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. തീവ്രപരിചരണ വിഭാഗത്തിൽ ആകുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലുമെല്ലാം വേണ്ട മുന്നൊരുക്കം അധികൃതർ നടത്തിയിരുന്നു. നിലവിൽ പത്തിൽ താഴെ ആളുകളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നിയന്ത്രണവിധേയമായി.
അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് നാലാം ഡോസ് നൽകുന്നതിനെ കുറിച്ചും പഠനം നടക്കുന്നുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ സ്വദേശികളേക്കാൾ വിദേശികളാണ് മുന്നിൽ. ഇത് സങ്കടപ്പെടുത്തുന്ന കാര്യമാണെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാവരും വാക്സിൻ സീകരിക്കണമെന്നും ആരോഗ്യമന്ത്രി ദിവസങ്ങൾക്കുമുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞതോടെ രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
ആശുപത്രിയിലുള്ളത് 38 പേർ
മസ്കത്ത്: രാജ്യത്ത് 23 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളില്ല. ഇതുവരെ 3,88,709 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം 68 പേർക്ക് അസുഖം ഭേദമായി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,83,749 ആളുകൾക്കാണ് മഹാമാരി മാറിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 38 പേർ മാത്രമാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇതിൽ നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,254 ആളുകളാണ് ഇതുവരെ മഹാമാരി പിടിപെട്ട് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.