സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടൈൻമെന്റിൽ നടന്ന റോഡ് സുരക്ഷ അവബോധ സെമിനാർ
സലാല: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ റോഡപകടങ്ങളിൽപെട്ട 2,668ലധികം ആളുകൾക്കാണ് പരിചരണം നൽകിയതെന്ന് മുതിർന്ന മെഡിക്കൽ സ്റ്റാഫ് അറിയിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടൈൻമെന്റിൽ നടന്ന റോഡ് സുരക്ഷ അവബോധ സെമിനാറിൽ സംസാരിക്കവെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ സീനിയർ നഴ്സ് ബാസിം ബിൻ ജുമാൻ അൽ മാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദോഫാർ ഗവർണറേറ്റിലെ സാംസ്കാരിക, കായിക, യുവജന ഡയറക്ടറേറ്റ് ജനറൽ ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഗതാഗതസംബന്ധമായ പരിക്കുകളും മരണങ്ങളും കുറക്കുന്നതിനും സമൂഹഅവബോധം വളർത്തുന്നതിനുമുള്ള വിശാലമായ സംരംഭത്തിന്റെ ഭാഗമായായിരുന്നു പരിപാടി.റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ, മെഡിക്കൽ പ്രഫഷനലുകൾ, സാമൂഹിക വിദഗ്ധർ എന്നിവരെ പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവന്നു. ആരോഗ്യ, സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൊതുസ്ഥാപനങ്ങൾ, സുരക്ഷ ഏജൻസികൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ലക്ഷ്യമായിരുന്നു.
ലക്ഷ്യമിട്ട ബോധവത്കരണപരിപാടികൾ നടത്തുന്നതിൽ സർക്കാറും സമൂഹസ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം കായിക, യുവജന പ്രവർത്തനവകുപ്പിന്റെ ഡയറക്ടർ അലി ബിൻ മുഹമ്മദ് ബാഖി തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. യുവാക്കളുടെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നതും ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ വിദ്യാഭ്യാസസംരംഭങ്ങൾ ആരംഭിക്കാൻ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിലും സുരക്ഷിതമായ റോഡ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ദോഫാറിലെ ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥൻ മേജർ ഷിഹാബ് ബിൻ അഹമ്മദ് അൽ ഷാൻഫാരി വിശദീകരിച്ചു.
2023നും 2024നും ഇടയിൽ ഒമാനിൽ വാഹനാപകടങ്ങളിലും പരിക്കുകളിലും ഒമ്പത് ശതമാനം കുറവുണ്ടായതായും റോഡപകട മരണങ്ങളിൽ രണ്ട് ശതമാനം കുറവുണ്ടായതായും അദ്ദേഹം എടുത്തുപറഞ്ഞു. റോയൽ ഒമാൻ പൊലീസിന്റെയും ദേശീയ സുരക്ഷാ സ്ഥാപനങ്ങളുടെയും സംയോജിത ശ്രമങ്ങളാണ് ഈ പുരോഗതിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാസന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന ദൃശ്യാവതരണത്തോടെയും തുടർന്ന് വിദ്യാഭ്യാസ വിഷയത്തിലുള്ള സംഗീതപ്രകടനത്തോടെയുമാണ് സെമിനാർ അവസാനിച്ചത്. ഖരീഫ് സീസണിൽ സന്ദർശകരുടെ ഒഴുക്കിനായി ദോഫാർ ഒരുങ്ങുന്നതിനാൽ, റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുൽത്താനേറ്റിലുടനീളം റോഡ് സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് ഏകീകൃത ദേശീയ ശ്രമം നടത്തണമെന്നും ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.