ഏ​കീ​കൃ​ത സേ​വ​ന, വി​നി​മ​യ നി​ര​ക്കു​മാ​യി മ​ണി എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി​ക​ൾ

മസ്കത്ത്​: ഉപഭോക്തൃ അനുഭവവും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി ഏകീകൃത സേവന, വിനിമയ നിരക്കുമായി ഒമാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികൾ. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര പണമയക്കലുകൾക്ക് രണ്ട്​ റിയാലായാണ്​ മിനിമം സേവന ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്​. സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന 13 മണി എക്‌സ്‌ചേഞ്ച് കമ്പനികളും ഈ തുകയാണ് ഇടാക്കുക.

അന്തർദേശീയ പണ കൈമാറ്റവുമായി ബന്ധപ്പെട്ട ഫീസിൽ കൂടുതൽ സ്ഥിരതയും ന്യായവും പ്രദാനം ചെയ്യുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പണമയയ്ക്കുന്നതിന് പൊതുവിനിമയ നിരക്ക്​ സംവിധാനവും നടപ്പാക്കും. തുല്യവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മണി എക്‌സ്‌ചേഞ്ച് കമ്പനികളുടെ ഫോറത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്​ ഈ നീക്കം.

അതേസമയം, ​പ്രത്യേക സാഹചര്യം പരിഗണിച്ച്​ ബംഗ്ലാദേശിലേക്ക്​ 50 റിയാൽ വരെയുള്ള കൈമാറ്റത്തിന്​ 1.2 റിയാൽ ആയിരിക്കും ഈടാക്കുക. ഇത്​ പരിമിത കാലത്തേക്ക്​ മാത്രമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

പണമയക്കുമ്പോൾ അതാത്​ രാജ്യങ്ങളുടെ പ്രാദേശിക നയങ്ങൾക്കനുസരിച്ച് അധിക ബാങ്ക്-എൻഡ് ചാർജുകളോ ഇൻസെന്റീവുകളോ ഉണ്ടായിരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ വ്യക്​തമാക്കി. ഏകീകൃത സേവന, നിമയ നിരക്ക് സമ്പ്രദായവും അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്നും ഇത് ഉപഭോക്തൃ സംതൃപ്തിക്കും സുതാര്യതക്കും വേണ്ടിയുള്ള പ്രതിബദ്ധതയെ അടിവരയിടുന്നുതാണെന്നും എക്സ്ചേഞ്ച് കമ്പനി അംഗങ്ങൾ പറഞ്ഞു.

അനധികൃത മാർഗ്ഗങ്ങളിലൂടെയുള്ള പണമയക്കലിന്​ യാതൊരു പരിരക്ഷയും ഗ്യാരണ്ടിയും ലഭിക്കില്ല. അതിനാൽ, സുതാര്യവും പൂർണമായും സുരക്ഷിതവുമായ പണമടയ്ക്കൽ ചാനലുകൾ ഉപയോഗിക്കാൻ ഉപഭോക്​താക്കൾ തയ്യാറാകണമെന്ന്​ മണി എക്‌സ്‌ചേഞ്ച് കമ്പനികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Money exchange companies with unified service and exchange rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.