മസ്കത്ത്: നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്ക് തുണയാകാൻ തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങൾ കൈമാറി വിദ്യാർഥികളായ മലയാളി സഹോദരങ്ങൾ. മബേല ഇന്ത്യൻ സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്നവരാണ് ഗൾഫ് മാധ്യമം-മീഡിയവൺ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് തങ്ങളുടെ സമ്പാദ്യങ്ങൾ കൈമാറി സഹജീവി സ്നേഹത്തിന് മാതൃകയായത്. ഇവർ നൽകിയ തുക ഉപയോഗിച്ച് അർഹരായവർ നാട്ടിലേക്ക് പറക്കും.
ആറാം ക്ലാസിൽ പഠിക്കുന്ന സ്നേഹ ബിനോയിയും മൂന്നാം ക്ലാസിൽ പഠിക്കുന്ന സ്റ്റീവൻ ബിനോയിയുമാണ് ഇൗ സഹോദരങ്ങളിൽ ഒന്ന്. ബിസിനസ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി ബിനോയിയുടെയും ജിഷയുടെയും മക്കളാണിവർ. ചെറിയ പോക്കറ്റ്മണിയൊക്കെ സ്വരൂപിച്ചുവെക്കുന്ന ഇവരുടെ സമ്പാദ്യപെട്ടി സാധാരണ നാട്ടിൽ പോകുന്ന സമയത്താണ് പൊട്ടിക്കാറുള്ളത്. കഴിഞ്ഞ ദിവസം സമ്പാദ്യ കുടുക്ക കൈമാറിയ മലയാളി ബാലെൻറ വാർത്തയാണ് ഇവർക്ക് പ്രചോദനമായത്.
സമ്പാദ്യ പെട്ടി പൊട്ടിച്ച് കിട്ടുന്ന തുക നാട്ടിൽ പോകാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായമായി കൊടുത്താലോയെന്ന ചോദ്യത്തിന് ഒരു മടിയുമില്ലാതെ ഇവർ സമ്മതമറിയിച്ചതായി ബിനോയ് പറയുന്നു.
കൊല്ലം പുനലൂർ സ്വദേശി എബി മാത്യുവിെൻറയും സിനിയുടെയും മൂന്ന് മക്കളാണ് രണ്ടാമത്തെ സഹോദരങ്ങൾ. എട്ടാം ക്ലാസിൽ പഠിക്കുന്ന അലനും മൂന്നാം ക്ലാസിൽ പഠിക്കുന്ന ആൽഫിനും രണ്ടാം ക്ലാസിൽ പഠിക്കുന്ന ആൽഫ്രഡും ഒരുമിച്ച് സ്വരുകൂട്ടിയ പണമാണ് സഹായ പദ്ധതിയിലേക്ക് കൈമാറിയത്. നാട്ടിൽ അവധിക്ക് പോകുേമ്പാഴാണ് മക്കൾ സമ്പാദ്യപെട്ടി പൊട്ടിക്കാറുള്ളതെന്ന് എബിയും പറയുന്നു. അയൽവക്കത്തെ വീടുകളിലെയും മറ്റും കുട്ടികൾക്ക് ഉടുപ്പെടുക്കാനും മറ്റും നൽകുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇക്കുറി കോവിഡ് മൂലം നാട്ടിൽ പോക്ക് മുടങ്ങിയതോടെ ഒമാനിൽ തന്നെ അർഹരായവർക്ക് സഹായമെത്തിക്കാൻ മൂവരും സമ്മതമറിയിക്കുകയായിരുന്നെന്ന് എബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.