മസ്കത്ത്: മിഡിൽ ഈസ്റ്റ് ഏവിയേഷൻ സെക്യൂരിറ്റി ആൻഡ് ഫെസിലിറ്റേഷൻ ഗ്രൂപ്പിന്റെ മൂന്നാമത് യോഗം മസ്കത്തിൽ തുടങ്ങി. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) സഹകരണത്തോടെയാണ് മൂന്നുദിവസത്തെ പരിപാടി നടക്കുന്നത്. ഉദ്ഘാടന ചടങ്ങിന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ചെയർമാൻ എൻജിനീയർ നയിഫ് അലി അൽ അബ്രിയുടെ നേതൃത്വം നൽകി.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ മേഖലയിലെ ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിനും വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ യോജിപ്പുകൾ രൂപപ്പെടുത്തുന്നതിനും ഐ.സി.എ.ഒ അംഗങ്ങളുമായി സഹകരണം തുടരാനുള്ള ഒമാന്റെ താൽപര്യം അൽ അബ്രി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സിവിൽ ഏവിയേഷൻ മേഖലയുടെ നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ യോഗം ഏകോപിപ്പിക്കുമെന്ന് മിഡിൽ ഈസ്റ്റ് ഓഫിസിലെ ഐ.സി.എ.ഒ റീജനൽ ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബൂബക്കർ ഫാരിയ പറഞ്ഞു.
വ്യോമയാന സുരക്ഷ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ഈ മീറ്റിങ്, ഐ.സി.എ.ഒയുടെ അന്താരാഷ്ട്ര പദ്ധതിക്ക് അനുസൃതമായി അപകടസാധ്യതകൾ പരിമിതപ്പെടുത്തുന്നതിന് ചട്ടക്കൂട് സ്ഥാപിക്കാൻ ശ്രമിക്കും.യോഗത്തിൽ ഒമാൻ ആറ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദേശീയ, പ്രവർത്തന തലങ്ങളിലുള്ള സുരക്ഷ വിദഗ്ധർ, സിവിൽ ഏവിയേഷൻ അതോറിറ്റിയിലെയും എയർപോർട്ട് സെക്യൂരിറ്റിയുടെ ജനറൽ അഡ്മിനിസ്ട്രേഷനിലെയും വിദഗ്ധർ, എയർപോർട്ട്, എയർക്രാഫ്റ്റ് ഓപറേറ്റർമാർ, ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ എന്നിവരുടെ കണ്ടെത്തലുകളും കാഴ്ചപ്പാടുകളും ഉൾകൊള്ളുന്നതായിരിക്കും പ്രബന്ധങ്ങളുടെ ഉള്ളടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.