തിരുവനന്തപുരം ചിറയിൻകീഴ് പെരുമാതുറ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. മാടൻവിള, കൊട്ടാരം തുരുത്ത്, ചേരമാൻ തുരുത്ത് എന്നിവ ചേർന്ന ഗ്രാമ പ്രദേശം. കയർപിരിയും മത്സ്യ ബന്ധനവുമാണ് അവിടത്തെ ആളുകളുടെ പരമ്പരാഗത തൊഴിൽ. കടലും കായലും മുതലപൊഴിയും കൊണ്ടുചുറ്റപ്പെട്ട ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. വാഹനങ്ങളോ നല്ല റോഡോ ഒന്നുമുണ്ടായിരുന്നില്ല.
സ്കൂളിൽ പോകണമെങ്കിൽ മൂന്നര കിലോമീറ്റർ നടക്കണം. അവർ ലേഡി ഓഫ് മേഴ്സി കോൺവെന്റിൽ ആയിരുന്നു പഠനം. ഞങ്ങളുടെ വീടിനുചുറ്റും ക്രിസ്ത്യൻ സഹോദരങ്ങളാണ്. കൂട്ടുകാരും അവർ തന്നെ. അവരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതും സ്കൂൾ വിട്ടുവരുമ്പോൾ പള്ളിയിൽ കയറുന്നതും മറക്കാൻ പറ്റാത്ത ഓർമയാണ്. പ്രാർഥന കഴിയുമ്പോൾ പള്ളിയലെ അച്ചൻ അനുഗ്രഹിക്കും. ഞാനും അവരോടൊപ്പം കൂടും. പുതുക്കുറിച്ചി പള്ളിയായിരുന്നു അത്.
ഞങ്ങൾ തമ്മിൽ ജാതി- മതത്തിനതീതമായ സ്നേഹബന്ധം ഉണ്ടായിരുന്നു. ആ കാലഘട്ടം അങ്ങനെയായിരുന്നു. അന്നത്തെ ജീവിതം വളരെ ലളിതമായിരുന്നു. സൗകര്യങ്ങളും കുറവായിരുന്നു. എങ്കിലും മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടായിരുന്നു. ആളുകൾ തമ്മിൽ ഒത്തൊരുമയുണ്ടായിരുന്ന കാലഘട്ടം.
വൈദ്യുതി ഇല്ലാത്ത കാലം. രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തിൽ ജീവിച്ചകാലം. അരണ്ട വെളിച്ചത്തിലാണ് പഠനം. കൂട്ടുകാരായ ക്രിസ്ത്യൻ സഹോദരങ്ങളോടൊന്നിച്ചാണ് പഠിക്കാറുള്ളത്. അവർ വീട്ടിൽ വന്നാൽ ഉമ്മ ഒന്നിച്ചിരുത്തി ചോറുവാരിത്തരും. അവിടെ സ്നേഹത്തിനും സഹോദര്യത്തിനും മാത്രമായിരുന്നു വില. അടുത്ത വീട്ടിൽ ആഹാരം ഉണ്ടാക്കിയില്ലെങ്കിൽ ആ വീട്ടിൽ മറ്റുള്ളവർ ഭക്ഷണമെത്തിക്കും. ക്രിസ്മസായാൽ കൂട്ടുകാരായ ഐറിൻ, എമിലി, ബേബി, കർമലി തുടങ്ങിയവക്കൊപ്പം പുൽക്കൂട് ഉണ്ടാക്കാനും മറ്റും ഞാനും ചേരും. അന്നത്തെ പുൽക്കുട് ഇപ്പോഴത്തേതിനെക്കാൾ വ്യത്യസ്തമാണ്. നെറ്റ് പോലുള്ള തുണിയും പൂക്കളും തങ്കൂസ് നൂലും എല്ലാംവെച്ചാണ് ഉണ്ടാക്കുന്നത്. അകത്ത് മെഴുകുതിരി കത്തിച്ചുവെക്കും. ക്രിസ്മസ് പപ്പായെ വരവേൽക്കുന്നത് പെട്രോമാക്സിന്റെ വെളിച്ചത്തിലാണ്. കൊച്ചകൊച്ചു സമ്മാനങ്ങൾ പരസ്പരം കൈമാറും. ഊഞ്ഞാലാട്ടം, കുന്തിക്കളി, കിളിത്തട്ടു കളി, കുട്ടിയും കൂന്തുകളി....ഇതക്കെയാണ് അന്നത്തെ കളികൾ. രാത്രിയിൽ പള്ളി കഴിഞ്ഞാൽ എല്ലാ വീടുകളിലും കേക്ക് എത്തിക്കും.
ഇതൊക്കെയാണ് എന്റെ ക്രിസ്മസ് ഓർമകൾ. ഇപ്പോഴത്ത ക്രിസ്മസ് ആഘോഷങ്ങൾ കാണാനും ആസ്വദിക്കാനും കഴിയുന്നതും ഭാഗ്യമായി കാണുന്നു. എല്ലാ സഹോദരങ്ങൾക്കും ക്രിസ്മസ്- പുതുവൽസരാശംസകൾ.
‘‘രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും മങ്ങിയ വെളിച്ചത്തിലുള്ള പഠനകാലം. ക്രിസ്ത്യൻ സഹോദരങ്ങളാണ് പ്രധാന കൂട്ടുകാർ. ഞങ്ങൾ ഒന്നിച്ചിരുന്നാണ് പഠിക്കാറുള്ളത്. അവർ വീട്ടിൽ വന്നാൽ ഉമ്മ ഒന്നിച്ചിരുത്തി ചോറുവാരിത്തരും. അവിടെ സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമായിരുന്നു വില...’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.