മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റ് സലാലയിലെ തെങ്ങ് കൃഷിയെ പ്രതികൂലമായി ബാധിച്ചതിനാൽ സലാലയിൽനിന്നുള്ള ഇളനീർ വരവ് കുറയുമെന്ന് വ്യാപാരികൾ. പത്തു ശതമാനം തെങ്ങുകൾക്ക് ചുഴലിക്കാറ്റ് നാശമുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം, പാകമായതും അല്ലാത്തതുമായ തേങ്ങാക്കുലകൾ പൊഴിഞ്ഞുവീണിട്ടുമുണ്ട്. ഇതിൽ നല്ല ശതമാനം പാകമായി വരുന്ന ഇളനീരാണ്. അതിനാൽ, അടുത്ത മൂന്നു മാസത്തേക്ക് സലാലയിൽനിന്ന് വരുന്ന ഇളനീരിന് വൻ കുറവ് അനുഭവപ്പെടും. പുതിയ കുലകൾ പാകമായി വന്നാൽ മാത്രമേ ഇൗ കുറവ് പരിഹരിക്കപ്പെടുകയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, സലാലയിൽനിന്നുള്ള ഇളനീർ വരവ് കുറയുന്നത് വിലവർധനക്ക് കാരണമാക്കില്ലെന്ന് മബേല സെൻട്രൽ വെജിറ്റബിൾ മാർക്കറ്റിലെ മൊത്ത വ്യാപാര സ്ഥാപനമായ ഇബ്ൻ ഹബ്സ് ട്രേഡിങ്ങിലെ മാർക്കറ്റിങ് മാനേജറായ പാലക്കാട് സ്വദേശി അശ്റഫ് പറഞ്ഞു.
ഇളനീരിന് മാർക്കറ്റിൽ ഒറ്റവിലയാണ്. 300 ബൈസക്കാണ് മൊത്ത വ്യാപാരികൾ ഇളനീർ വിൽക്കുന്നത്. ചെറുകിട വ്യാപാരികളും കഫ്തീരിയ ഉടമകളും 400 ബൈസയും 500 ബൈസയും ഇൗടാക്കും. പൊതുജനങ്ങൾക്കിടയിൽ ഇൗ വില നിശ്ചിതമായിക്കഴിഞ്ഞതിനാൽ വില വർധിപ്പിക്കാനാവില്ലെന്നും അശ്റഫ് പറഞ്ഞു. ഇളനീർ വരവ് കുറയുകയും സ്റ്റോക് തീരുകയും ചെയ്താൽ വിൽപന അവസാനിപ്പിക്കും. എന്നാലും വില വർധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സലാലയിലെ പച്ചക്കറികൾ എതാണ്ട് നശിച്ചിട്ടുണ്ട്. വാഴയും പപ്പായയും അടക്കമുള്ള പച്ചക്കറികൾ പൂർണമായി നശിച്ചിട്ടുണ്ട്. നിലത്ത് വീണതും അല്ലാത്തതുമായ പച്ചക്കറികളും പഴങ്ങളും ഒരാഴ്ചകൂടി മാർക്കറ്റിലുണ്ടാവും. അത് കഴിഞ്ഞാൽ സലാല പച്ചക്കറികൾ പൂർണമായി അപ്രത്യക്ഷമാവും. അതിനാൽ അടുത്ത ആഴ്ച മുതൽ സലാലയിൽനിന്ന് വരുന്ന ചില പച്ചക്കറികൾക്ക് വില വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സലാലയിൽനിന്ന് പപ്പായയും പൂവൻ പഴവുമാണ് മസ്കത്ത് മാർക്കറ്റിൽ കാര്യമായി എത്തുന്നത്. എന്നാൽ, മാർക്കറ്റിൽ കാര്യമായി ഉള്ളത് ഇന്ത്യൻ പച്ചക്കറികളാണ്. അതിനാൽ, മെക്നു പച്ചക്കറികളുടെ കാര്യമായ വിലവർധനക്ക് കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.