മസ്കത്ത്: സലാല, അൽവുസ്ത തീരങ്ങളിൽ അടിച്ചുവീശാൻ സാധ്യതയുള്ള ‘മെകുനു’ ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികളുമായി അധികൃതർ. ഇതിെൻറ ഭാഗമായി സർക്കാറിെൻറ വിവിധ വിഭാഗങ്ങൾ ബുധനാഴ്ച അടിയന്തര യോഗം ചേർന്നു. സിവിൽ ഡിഫൻസ്, ദോഫാർ നഗരസഭ, വിദ്യാഭ്യാസ മന്ത്രാലയം, ടെലികമ്യൂണിക്കേഷൻ െറഗുലേറ്ററി അതോറിറ്റി എന്നിവയുടെ അടിയന്തര യോഗങ്ങളാണ് ബുധനാഴ്ച നടന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
ബുധനാഴ്ച ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി സിവിൽ ഡിഫൻസ് സബ് കമ്മിറ്റിയുടെ യോഗം വിളിച്ച് ഏറ്റവും പുതിയ സ്ഥിതിഗതി വിലയിരുത്തി. യോഗത്തിൽ കാറ്റിനെ നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗം കൂടുതൽ മുന്നൊരുക്കം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ആവശ്യമുള്ള എല്ലാവർക്കും എല്ലാ സേവനങ്ങളും നൽകുകയും വേണമെന്ന് അദ്ദേഹം നിർദേശിച്ചു. പൊതുജനങ്ങൾ സിവിൽ ഡിഫൻസുമായി സഹകരിക്കണമെന്നും അവരുടെ നിർദേശങ്ങൾ പൂർണമായി അനുസരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സലാല മുനിസിപ്പാലിറ്റിയും ബുധനാഴ്ച അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുനിസിപ്പാലിറ്റി തലവൻ ശൈഖ് സാലിം ബിൻ ഉഫൈത്ത് അൽ ഷൻഫരിയുടെ അധ്യക്ഷതയിലാണ് അടിയന്തര നടപടികൾ അവലോകനം ചെയ്യാൻ യോഗം ചേർന്നത്. പ്രതിസന്ധി നേരിടാൻ സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കർമസേനകൾ രൂപവത്കരിക്കണമെന്നും ഇവയുമായി ആശയ വിനിമയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭ നിരവധി അടിയന്തര ടീമുകൾക്ക് രൂപം നൽകി.
പൊതുജനങ്ങൾ മുനിസിപ്പാലിറ്റിയുമായി 1771 എന്ന കാൾ സെൻറർ വഴിയും സോഷ്യൽ മീഡിയ വഴിയും ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. മന്ത്രി മദീഹ ബിൻത് അഹ്മദ് അൽ ശൈബാനിയയുടെ അധ്യക്ഷതയിൽ നടന്ന വിദ്യാഭ്യാസ മന്ത്രാലയം യോഗം വിവിധ ക്ലാസുകളിലേക്കുള്ള ട്രാൻസ്ഫർ ടെസ്റ്റുകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ തീരുമാനിച്ചു. പുതിയ പരീക്ഷാതീയതികൾ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം വാർത്താവിനിമയ മേഖലക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു. ഒമാൻടെൽ, ഉരീദു, ഒബിസി എന്നീ വാർത്താവിനിമയ കമ്പനികളുടെ തലവന്മാരും യോഗത്തിൽ പെങ്കടുത്തു. അടിയന്തര സാഹചര്യം മുൻനിർത്തി സിവിൽ ഡിഫൻസ് മസ്കത്തിൽനിന്നും മറ്റും കൂടുതൽ സേനാംഗങ്ങളെയും വാഹനങ്ങളെയും സുരക്ഷാ ഉപകരണങ്ങളെയും സലാലയിലേക്ക് എത്തിച്ചിട്ടുണ്ട്.
അതിനിടെ, മെകുനുവിനെ നേരിടാൻ സലാലയിലെ ജനങ്ങളും ഒരുങ്ങി. റൊട്ടിയും മെഴുകുതിരിയും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കരുതിവെക്കുന്ന തിരക്കിലായിരുന്നു ബുധനാഴ്ച സലാലയിലെ ജനങ്ങൾ. ബുധനാഴ്ച വൈകീേട്ടാടെ സലാലയിൽ ആകാശം ഇരുണ്ടുകൂടാൻ തുടങ്ങിയിട്ടുണ്ട്. വൈകീേട്ടാടെ സൂപ്പർമാർക്കറ്റിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുകയും പല ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമം നേരിടുകയും ചെയ്തു.
റൊട്ടി, മെഴുകുതിരി, വെള്ളം തുടങ്ങിയ പല ഉൽപന്നങ്ങളും സൂപ്പർമാർക്കറ്റുകളിൽ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് കണ്ണൂർ സ്വദേശി സി.പി. ഹാരിസ് പറഞ്ഞു. ആളുകൾ കൂടുതൽ ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങിക്കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. കടക്കാർ തങ്ങളുടെ വെയർഹൗസിലും മറ്റുമുള്ള ഉൽപന്നങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ പമ്പുകളിലും നല്ല തിരക്കാണ് ബുധനാഴ്ച അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.