മസ്കത്ത്: മുഖാവരണങ്ങൾക്ക് അനിയന്ത്രിതമായി വില വർധിപ്പിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി റീട്ടെയിലർമാർക്കും ഫാർമസികൾക്കും മുന്നറിയിപ്പ് നൽകി. കോവിഡ് മഹാമാരിക്ക് ശേഷം ആവശ്യക്കാർ വർധിച്ചതിനെ തുടർന്ന് ആഗോള വിപണികളിൽ എല്ലാം മുഖാവരണങ്ങളുടെ ഇറക്കുമതി വിലയിൽ കാര്യമായ വർധനവുണ്ട്. ഇറക്കുമതി വിലക്ക് ഒപ്പം ആർ.ഒ.പി കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ നൽകുന്ന കസ്റ്റംസ് ക്ലിയറൻസ് വിലയും തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉപഭോക്തൃ അതോറിറ്റി അറിയിച്ചു.
ഇറക്കുമതി ചെയ്ത വിലയുടെ 15 ശതമാനം വീതം ഇറക്കുമതിക്കാർക്കും വിതരണക്കാർക്കും കൂട്ടിയെടുക്കാം. അതിന് മുകളിലുള്ള വില വർധന നിയമ വിരുദ്ധമാണെന്നും ശ്രദ്ധയിൽപെടുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും ഉപഭോക്തൃ അതോറിറ്റി അറിയിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ മുഖാവരണങ്ങളുടെ വില നിരീക്ഷിച്ച് വരുന്നുണ്ട്. വിലയിൽ കൃത്രിമത്വം കാണിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
അനിയന്ത്രിത വില വർധന ശ്രദ്ധയിൽപെടുന്ന പക്ഷം റിപ്പോർട്ട് ചെയ്യണം. കോവിഡ് കാലം തുടങ്ങിയത് മുതലുള്ള വിലയുമായാണ് താരതമ്യം ചെയ്യേണ്ടത്. അതിന് മുമ്പുള്ള വില കണക്കിലെടുക്കരുത്. അതിനിടെ സുപ്രീം കമ്മിറ്റി പൊതുഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയതിനെ തുടർന്ന് മുഖാവരണങ്ങൾക്ക് ആവശ്യക്കാർ ഏറി. പല റീെട്ടയിൽ ഷോപ്പുകളിലും ഫാർമസികളിലും മാസ്ക് സ്റ്റോക്ക് തീർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.