മസ്കത്ത്: വിശുദ്ധ റമദാൻ ഏറെ പുണ്യ മൂഹൂർത്തങ്ങൾ നിറഞ്ഞ അവസാന പത്തിലെത്തി. ഇനിമുതൽ ആരാധനാലായങ്ങളും മസ്ജിദുകളും ആരാധനനിർഭരമാവും. റമദാനിലെ ഒരു മനുഷ്യ ആയുസിനെക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാന പത്തിലാണെന്നാണ് പ്രബലമായ വിശ്വാസം. ഇങ്ങനെയൊരു മൂഹൂർത്തമുണ്ടെന്നാല്ലാതെ ഇതേത് രാവിലാണെന്ന് നിർണയിച്ചു തന്നിട്ടില്ല.
അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണെന്നാണ വിശ്വാസം. അവസാന പത്തിലെ രാവും പകലുമെല്ലാം ഏറെ പുണ്യം നിറഞ്ഞതാണ്. ഈ പുണ്യങ്ങൾ സായത്തമാക്കാൻ പള്ളികളിൽ ഭജനമിരിക്കുന്നവരും ഉണ്ട്. ഒമാനിലെ നിരവധി മസ്ജിദുകളിൽ ഭജനമിരിക്കുന്നവരുണ്ട്. റമദാൻ 21 മുതൽ പെരുന്നാൾ പിറ കാണുന്നതുവരെ ഇവർ മസ്ജിദുകളിൽ തന്നെയായിരിക്കും. ഖുർആൻ പാരായണവും നമസ്കാരവും പഠനങ്ങളും ഒക്കെയായി അവർ മസ്ജിദുകളിൽ തങ്ങും. ഭജന ഇരിക്കാത്ത വിശ്വാസികളും മസ്ജിദുകളിൽ ഏറെ തങ്ങുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ളത്. റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് ദൈർഘ്യം വർധിക്കുകയും പ്രാർഥനകൾ നീണ്ടുപോവുകയും ചെയ്യുന്ന രാവുകളായിരിക്കും ഇനി.
ഒമാനിലെ എല്ലാ മസ്ജിദുകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. രാത്രി കാല നമസ്കാരങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തവും ഉയർന്നു. നിരവധി മസ്ജിദുകളിൽ അർധ രാത്രിയുള്ള ഖിയാമുലൈൽ എന്ന ദീർഘമായ രാത്രി നമസ്കാരവും ആരംഭിച്ചു. വിശ്വാസികൾ ദൈവത്തോട് പരമാവധി അടുക്കാനും പ്രാർഥനകളിലൂടെയും പാശ്ചാത്താപത്തിലുടെ മനസിലെ കളങ്കങ്ങൾ കഴുകി കളയുവാനുമാണ് ഈ രാവുകൾ ഉപയോഗപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.