മസീറ ദ്വീപിലെ മത്സ്യത്തൊഴിലാളി ഗ്രാമം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ ദ്വീപിൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു. കാർഷിക, മത്സ്യബന്ധന വികസന ഫണ്ടിൽനിന്നാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. പദ്ധതി ഒമാനി മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുകയും മത്സ്യബന്ധന മേഖല വികസിപ്പിക്കുകയും രാജ്യത്തെ സാമ്പത്തിക വൈവിധ്യവത്കരണ പരിപാടികൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
34,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1,40,000 റിയാൽ ചെലവിലാണ് പദ്ധതിയൊരുക്കിയതെന്ന് ഗവർണറേറ്റിലെ അഗ്രികൾച്ചറൽ, ഫിഷറീസ്, ജലവിഭവ ഡയറക്ടർ ജനറൽ ഹമദ് റാഷിദ് അൽ ബുറൈക്കി പറഞ്ഞു. മത്സ്യഗതാഗതം, മത്സ്യബന്ധന ഉപകരണങ്ങളും സംഭരണവും, ബോട്ട് അറ്റകുറ്റപ്പണി, വർക്ക്ഷോപ്പുകൾ തുടങ്ങി അനുബന്ധ പ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ പദ്ധതി പ്രദാനം ചെയ്യും.
പിടിക്കപ്പെടുന്ന മത്സ്യത്തിന്റെ അളവ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനും പദ്ധതി സഹായകമാകും. മസ്ജിദ്, ഇന്ധന സ്റ്റേഷൻ, ഐസ് നിർമാണ യൂനിറ്റ്, മീൻ മാർക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും ഗ്രാമത്തിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. തെക്കൻ ശർഖിയയിലെ മത്സ്യ ഉൽപാദനം 2016ലെ 2,80,000 ടണ്ണിൽനിന്ന് 27 ശതമാനം വാർഷിക വളർച്ചയോടെ 2021ൽ 9,22,000 ടണ്ണായെന്ന് ബുറൈക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.