മസ്കത്ത്: സ്വതസിദ്ധമായ കോഴിക്കോടൻ ശൈലിയിൽ ശുദ്ധ ഹാസ്യം കൊണ്ടും നിഷ്കളങ്കമായ ചിരികൊണ്ടും വെള്ളിത്തിരയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മാമുക്കോയയുടെ നിര്യാണം ഒമാനിലെ പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി. നിരവധി തവണ മസ്കത്തുൾപ്പെടെ ഒമാന്റെ വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾക്കും സ്വകാര്യ പരിപാടിക്കുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ജനുവരി 25ന് മബേലയിലുള്ള റസ്റ്റാറന്റിന്റെ ഉദ്ഘാടനത്തിനാണ് അവസാനമായി മസ്കത്തിലെത്തിയത്.
പരമ്പരാഗത ഒമാനി വേഷം ധരിച്ചായിരുന്നു പരിപാടിയിൽ പങ്കെടുത്തതെന്ന് ഒമാനിലേക്ക് മാമുക്കോയയെ കൊണ്ടുവന്ന അദ്ദേഹത്തിന്റെ സുഹൃത്തായ അബ്ദുൽ മജീദ് പറഞ്ഞു. ആദ്യം ഒമാനി വേഷം ധരിക്കാൻ തയാറായിരുന്നില്ല. ഞാൻ എന്തൊക്കെ വേഷങ്ങളാണ് കെട്ടിയിട്ടുള്ളത്, ഇനി ഇതായിട്ട് ഒഴിവാക്കേണ്ട എന്നുപറഞ്ഞ് ഒടുവിൽ ധരിക്കുകയായിരുന്നു. വീണ്ടും മസ്കത്തിലേക്കു വരാനും ഇവിടെയുള്ള ആളുകളെ കാണാനുമുള്ള ആഗ്രഹം കുറച്ചു നാളുകൾക്കു മുമ്പുകൂടി സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു എന്ന് മജീദ് പറഞ്ഞു.
മാമുക്കോയയുടെ പ്രശസ്തമായ ഡയലോഗ് ആയ ‘ഗഫൂർക്ക ദോസ്ത്’ എന്ന പേരിൽ മസ്കത്തിൽ പലയിടത്തും ചായക്കടകൾ ഉണ്ടായിരുന്നു. ഗൾഫിലെത്തി ജോലി ചെയ്യാൻ അത്യാവശ്യം വേണ്ട അറബി വാക്ക് ‘അസ്സലാമു അലൈക്കും, വഅലൈ അസ്സലാം’ എന്നത് വെറുമൊരു തമാശയല്ല, യാഥാർഥ്യമാണ് എന്നത് പ്രവാസികൾക്ക് മാത്രം മനസ്സിലാകുന്ന ഒന്നായിരുന്നു. ‘ദുബായ്’ എന്ന സിനിമയിൽ ഉൾപ്പെടെ മാമുക്കോയ അവതരിപ്പിച്ച പല പ്രവാസ കഥാപാത്രങ്ങളും ഒട്ടു മിക്ക പ്രവാസികളുടെ ജീവിതവുമായി ചേർന്നുനിൽക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.