മോചിതനായ അനിൽ കുമാർ രവീന്ദ്രൻ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസിനൊപ്പം

യമനിൽ ഹൂതി തടവിലായ മലയാളിയടക്കമുള്ളവർക്ക് മോചനം

മസ്കത്ത്: ചെങ്കടലിൽ കപ്പൽ ആക്രമിച്ച് യമനിലെ ഹൂതികൾ ബന്ദികളാക്കിയവരിൽ മലയാളിയടക്കം 11 ജീവനക്കാരെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശി അനിൽ കുമാർ രവീന്ദ്രനാണ് മോചിതനായ മലയാളി. മറ്റു 10 പേർ ഫിലിപീൻസ് സ്വദേശികളാണ്. ഒമാൻ സുൽത്താനേറ്റിന്റെ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. യമനിലെ സൻആയിൽനിന്ന് ഒമാൻ റോയൽ എയർഫോഴ്സ് വിമാനത്തിൽ ബുധനാഴ്ച രാത്രി 11 പേരെയും മസ്കത്തിലെത്തിച്ചിരുന്നു. തുടർന്ന് ഇവർക്ക് മസ്കത്തിൽ സ്വീകരണം നൽകി. എല്ലാ പൗരന്മാരെയും അതത് എംബസികൾക്ക് കൈമാറി.

അനിൽകുമാറിനെ മസ്കത്തിൽനിന്ന് നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. അനിൽകുമാറിനെ യമനിൽ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാറന്റെ ഭാഗത്തുനിന്ന് സമയോചിത പരിശ്രമങ്ങളുണ്ടായതായും മോചനം സാധ്യമാക്കാൻ ഇടപെട്ട ഒമാൻ സുൽത്താനേറ്റിന് നന്ദി അറിയിക്കുന്നതായും എംബസി പറഞ്ഞു. കഴിഞ്ഞ ജൂലൈ ഏഴിനാണ് ഗ്രീക്ക് കമ്പനിയു‌ടെ ലൈബീരിയന്‍‌ രജിസ്ട്രേഷനുള്ള ‘എം.വി എറ്റേണിറ്റി സി’ എന്ന ചരക്കു കപ്പൽ ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചത്. ആക്രമണത്തിനു പിന്നാലെ കപ്പൽ കടലിൽ മുങ്ങിയിരുന്നു. തുടർന്ന് ജീവനക്കാരെ ഹൂതികൾ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

Tags:    
News Summary - Malayalee and others, held captive by Houthi forces in Yemen released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.