മസ്കത്ത്: തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകം ക്രിസ്മസിനെ വരവേൽക്കുമ്പോൾ മസ്കത്തിലെ ക്രിസ്തീയ പ്രവാസി സമൂഹവും വൈവിധ്യങ്ങളായ ആഘോഷത്തിനൊരുങ്ങുന്നു.
ആഴ്ചകളോളം നീണ്ടുനിന്ന കരോൾ ആഘോഷങ്ങൾക്കു പിന്നാലെ വീടുകളും പള്ളികളും സ്ഥാപനങ്ങളും അലങ്കാരങ്ങൾകൊണ്ടു നിറച്ചാണ് പ്രവാസി കുടുംബങ്ങൾ ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുന്നത്.
ഒമാനിലെ മിക്ക പള്ളികളിലും പാതിരാ കുർബാനയും ജനനശുശ്രൂഷയും നടന്നു. പ്രമുഖ തിരുമേനിമാർ ശുശ്രൂഷക്കും കുർബാനക്കും കാർമികത്വം വഹിച്ചു. കുടുംബസമേതം പള്ളികളിലെത്തി ചടങ്ങുകളിൽ പങ്കെടുത്താണ് പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷത്തിനൊരുങ്ങിയത്.
മസ്കത്ത് ചർച്ച് കോംപ്ലക്സിൽ വിവിധ ചർച്ചുകളുെട നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് നടക്കുന്നത്.
വിവിധ രാജ്യക്കാർക്ക് അവരവരുടെ ഭാഷയിലുള്ള കുർബാനകളും മറ്റും വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
മസ്കത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള ജനനപ്പെരുന്നാൾ ശുശ്രൂഷയും പാതിരാ കുർബാനയും ക്രിസ്മസ് ആഘോഷവും നടന്നു. റൂവി സെൻറ് പീറ്റർ ആൻഡ് സെൻറ് പോൾ കത്തോലിക്ക ദേവാലയത്തിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷക്ക് ഫാ. രാഹുൽ റാമോസ്, ഫാ. ബിജു കുടിലിൽ, ഫാ. ജോർജ് ആൻറണി, ഫാ. മരിയൻ, ഫാ. ബോസ്, ഫാ. ഫ്രാങ്ക് എന്നിവർ നേതൃത്വം നൽകി. റൂവി മാർത്തോമ ദേവാലയത്തിലും ക്രിസ്മസിനോടനുബന്ധിച്ചുള്ള ജനനപ്പെരുന്നാൾ ശുശ്രൂഷ നടന്നു.
വികാരി ഫാ. കെ. മാത്യു നേതൃത്വം നൽകി. റൂവി സെൻറ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിൽ ജനനപ്പെരുന്നാൾ ശുശ്രൂഷക്ക് ഫാ. ഷിജോ ടി. സ്കറിയ നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
മസ്കത്തിലെ ഗാല മർത്തശ്മുനി യാക്കോബായ സുറിയാനി ദേവാലയത്തിൽ ജനനപ്പെരുന്നാൾ ശുശ്രൂഷക്ക് വികാരി ഫാ. അഭിലാഷ് എബ്രഹാം നേതൃത്വം നൽകി. തുടർന്ന് ക്രിസ്മസ് ഡിന്നറും നടന്നു. സൊഹാർ സെൻറ് ഗ്രിഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ഫാ. ഡെയിൻ മാത്യു നേതൃത്വം നൽകി. ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു.
മസ്കത്തിലെ സെൻറ് എഫ്രയിം ക്നാനായ ദേവാലയത്തിൽ ജനനപ്പെരുന്നാൾ ശുശ്രൂഷക്ക് ഫാ. എബി സ്കറിയ മട്ടയ്ക്കൽ നേതൃത്വം നൽകി.
തുടർന്ന് നടന്ന സ്നേഹവിരുന്നിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. സലാല സെൻറ് ജോൺസ് യാക്കോബായ ദേവാലയത്തിൽ ഫാ. പി.ജെ. ജോബി നേതൃത്വം നൽകി.
സെൻറ് ജെയിംസ് സി.എസ്.ഐ ഇടവക ക്രിസ്മസിനോടനുബന്ധിച്ചുള്ള വിശുദ്ധ സംസർഗ ശുശ്രൂഷ ബുധനാഴ്ച പുലർച്ച 5.30ന് റൂവി സെൻറ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ നടക്കും. ഫാ. അനിൽ തോമസ് നേതൃത്വം നൽകും.
ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പുതന്നെ ആശംസ സന്ദേശങ്ങൾ ഒഴുകിത്തുടങ്ങിയിരുന്നു. വാട്സ്ആപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും ഹൃദയഹാരിയായ വാചകങ്ങളും കൗതുകമുള്ള വിഡിയോകളും വന്നുനിറഞ്ഞു.
ക്രിസ്മസ് ദിനം പ്രവൃത്തിദിവസമായതിനാൽ പലർക്കും വൈകുന്നേരമാകും ആഘോഷങ്ങളിൽ പങ്കുചേരാൻ സാധിക്കുക. ക്രിസ്മസ് ആഘോഷത്തിനായി അവധിയെടുത്തവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.