മസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായുള്ള രാജ്യവ്യാപക ലോക്ഡൗൺ ശനിയാഴ്ച നിലവിൽവരും. ആഗസ്റ്റ് എട്ടുവരെയാണ് ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടുക. സുൽത്താൻ സായുധസേനയുമായി ചേർന്ന് ലോക്ഡൗണിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അടുത്ത രണ്ടാഴ്ചക്കാലം ഗവർണറേറ്റുകൾക്കിടയിലുള്ള യാത്ര അനുവദനീയമായിരിക്കില്ല. രാത്രി ഏഴുമുതൽ പുലർച്ച ആറു വരെ എല്ലാ വിലായത്തുകളിലും പൂർണമായ സഞ്ചാര വിലക്കും പ്രാബല്യത്തിലുണ്ടാകും. കാൽനടയാത്ര പോലും അനുവദിക്കില്ല. ലോക്ഡൗൺ നിബന്ധനകൾ ലംഘിക്കുന്നവരിൽ നിന്ന് നൂറ് റിയാലാണ് പിഴ ഇൗടാക്കുക. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം ജീവനക്കാർക്ക് ഏഴുമണിക്കുള്ളിൽ താമസ സ്ഥലത്ത് എത്താൻ സാധിക്കുന്ന വിധത്തിൽ ക്രമീകരിക്കണം. പൂർണമായ സഞ്ചാര വിലക്കുള്ള സമയം ഡെലിവറി സർവിസുകളും അനുവദിക്കില്ലെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. പകൽസമയങ്ങളിൽ അതത് ഗവർണറേറ്റുകൾക്കുള്ളിൽ മാത്രമാണ് ഡെലിവറി സേവനങ്ങൾക്ക് അനുമതിയുണ്ടാവുകയുള്ളൂ.
ലോക്ഡൗൺ കണക്കിലെടുത്ത് മവേല സെൻട്രൽ പഴം -പച്ചക്കറി മാർക്കറ്റിെൻറ സമയക്രമത്തിൽ മാറ്റം വരുത്തിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. പുലർച്ച ആറു മുതൽ ഉച്ചക്ക് രണ്ടുമണി വരെയായിരിക്കും മാർക്കറ്റ് പ്രവർത്തിക്കുക. മാർക്കറ്റിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ തുടരും. റീെട്ടയിൽ വിഭാഗം അടഞ്ഞുകിടക്കും. കസ്റ്റംസ് ക്ലിയറൻസ് ഉള്ള റഫ്രിജറേറ്റഡ് ട്രക്കുകൾക്ക് പ്രവേശനം അനുവദിക്കും.
മൂന്ന് ടണ്ണിൽ താഴെ ശേഷിയുള്ള ട്രക്കുകളുടെ പ്രവേശനം തടയും. പ്രാദേശിക ഉൽപാദകർ തങ്ങളുടെ വിവരങ്ങൾ കാർഷിക- ഫിഷറീസ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. ലോജിസ്റ്റിക്സ് നഗരം/ അതിർത്തികളിലെ അഗ്രി കൾചറൽ- കസ്റ്റംസ് പരിശോധന തുടരും. മാർക്കറ്റിലേക്കുള്ള ഒരു വാഹനത്തിൽ പരമാവധി രണ്ടുപേരെ മാത്രമാണ് അനുവദിക്കുകയുള്ളൂ. ജൂലൈ 25 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇൗ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ലോക്ഡൗൺ കണക്കിലെടുത്ത് ഷോപ്പിങ് മാളുകളും സൂപ്പർമാർക്കറ്റുകളും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിവിധ ഷോപ്പിങ് മാളുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും സമയക്രമം ചുവടെ: ഒമാൻ അവന്യൂസ് മാൾ -രാവിലെ എട്ടു മുതൽ ആറു വരെ; മസ്കത്ത്, ഖുറം സിറ്റി സെൻററുകൾ- റീെട്ടയിൽ ഷോപ്പ് ഒമ്പതു മുതൽ ആറു വരെ, കഫേകൾ -എട്ടു മുതൽ ആറു വരെ; ലുലു ഹൈപ്പർമാർക്കറ്റ്- ഏഴു മുതൽ വൈകീട്ട് ആറു വരെ; നെസ്റ്റോ ഹൈപ്പർമാർക്കറ്റ്-പുലർച്ച ആറര മുതൽ ആറു വരെ; സ്പാർ- ഏഴു മുതൽ ആറു വരെ; കെ.എം ഹൈപ്പർ മാർക്കറ്റ്- ഏഴു മുതൽ ആറു വരെ; നൂർ ഷോപ്പിങ് -പുർച്ച ആറര മുതൽ ആറു വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.