മസ്കത്ത്: കോവിഡിനെ തുടർന്ന് വീടുകളിൽ അകപ്പെട്ട ബാല്യങ്ങൾക്കെതിരെ പീഡനകേസുകൾ വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസങ്ങളിൽ ഹോട്ട്‌ലൈൻ (1100) വഴി 1,148 ബാലപീഡന കേസാണ് റിപ്പോർട്ട് ചെയ്തതെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2020ൽ 1,040 കേസാണ് ആകെയുണ്ടായിരുന്നത്. കോവിഡിനെത്തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടതും സ്കൂൾ അടച്ചതുമാണ് കൂട്ടികൾക്കെതിരെയുള്ള പീഡനം വർധിക്കാൻ കാരണമെന്ന് ദോഫാറിലെ സാമൂഹിക വികസന മന്ത്രാലയത്തിെൻറ ഫാമിലി കൗൺസലിങ് ആൻഡ് ഗൈഡൻസ് വിഭാഗം മേധാവി ഖാലിദ് അഹമ്മദ് അലി തബുക് പറഞ്ഞു. രാജ്യത്ത് ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്‌ലൈൻ (1100) 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അക്രമത്തിനും ദുരുപയോഗത്തിനും വിധേയരായ കുട്ടികളുടെ പരാതിയിൽ സേവനം നൽകുന്നുണ്ടന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പതു മാസങ്ങളിൽ 603 ആൺകുട്ടികളും 545 പെൺകുട്ടികളുമാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്‌ലൈൻ വഴി പരാതി രജിസ്റ്റർ ചെയ്തത്. കൂട്ടികളെ ദുരുപയോഗം ചെയ്ത കേസുകളിൽ മുന്നിലുള്ളത് മസ്കത്ത് ഗവർണറേറ്റ്. 465 പീഡന പരാതികളാണ് ഇവിടെ. 349 പരാതി ലഭിച്ച വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. തെക്കൻ ബാത്തിനയാണ് മൂന്നാം സ്ഥാനത്ത്. 114 പരാതിയാണ് ഇവിടെ. ദാഖിലിയ (57), ബുറൈമി (47), വടക്കൻ ശർഖിയ (42), ദാഹിറ(40), ദോഫാറിൽ (15), തെക്കൻ ശർഖിയ (10), മുസന്ദം (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽ. ദുരൂപയോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സാമൂഹിക വികസന മാന്ത്രാലയത്തിന് ശിശുസംരക്ഷണ സമിതി ഉണ്ടെന്ന് തബുക് പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ദുരുപയോഗം ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതു മറികടക്കാൻ ഫാമിലി കൗൺസലിങ് സെന്‍ററുകൾ വഴി വിവിധ പരിപാടി നടത്തുന്നുണ്ടെന്ന് ഖാലിദ് അഹമ്മദ് അലി തബുക് പറഞ്ഞു. കുട്ടികളെ ഒരു തരത്തിലുള്ള അക്രമത്തിനും വിധേയരാക്കാതെ സ്‌നേഹത്തോടെയും കരുതലോടെയും വളർത്തുന്നതിനെക്കുറിച്ച് സമൂഹത്തിന് അവബോധം വളർത്തുന്നതിനായി സാമൂഹിക വികസന മന്ത്രാലയം നിരവധി ബോധവത്കരണ പരിപാടികളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.