സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന്റെ പരിശോധന യൂനിറ്റിലെ അംഗങ്ങൾ
മസ്കത്ത്:തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കാനൊരുങ്ങി തൊഴിൽ മന്ത്രാലയം. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപ്പറേഷന്റെ പരിശോധനാ യൂനിറ്റുമായി സഹകരിച്ചായിരിക്കും പരിശോധന കൂടുതൽ ശക്തമാക്കുക. കഴിഞ്ഞ ജനുവരി അഞ്ച് മുതൽ മന്ത്രാലയം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപറേഷന് ചില ചുമതലകൾ നൽകിയിട്ടുണ്ട്.
നിയമവിരുദ്ധവും അനധികൃതവുമായ തൊഴിൽ തടയുന്നതിനൊപ്പം നിയമലംഘനങ്ങളുടെ എണ്ണം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഒമാനി തൊഴിലാളികളുടെ തൊഴിൽ സുഗമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
സുരക്ഷാ സേവനങ്ങളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പരിശോധനാ യൂനിറ്റ്, തൊഴിൽ മന്ത്രാലയവുമായി ഒപ്പുവെച്ച ഒരു കരാറിന് കീഴിൽ 2024ൽ ആണ് രൂപവത്കരിക്കുന്നത്.
പരിശോധനാ ജോലികൾ നടത്തുന്നതിലും സുരക്ഷാ പിന്തുണാ സേവനങ്ങൾ നൽകുന്നതിലും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ലേബർ കെയർ സെന്ററുകൾ കൈകാര്യം ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപ്പറേഷന്റെ പരിശോധനാ യൂനിറ്റ് നിലവിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
റോയൽ ഡിക്രി നമ്പർ 18/2024 പ്രകാരം ജുഡീഷ്യൽ അധികാരം ഇൻസ്പെക്ഷൻ യൂനിറ്റിനുണ്ട്.ഇത് തൊഴിൽ നിയമവും ഒമാനൈസേഷൻ നിയന്ത്രണങ്ങളും നടപ്പിലാക്കാനുള്ള സ്ഥാപനത്തിന്റെ കഴിവ് വർധിപ്പിക്കുന്നു.
പരിശോധന കാമ്പയിനുകൾക്കിടയിൽ സുരക്ഷാ പിന്തുണ നൽകുന്നതിനും, തൊഴിൽ നിയമം ലംഘിക്കുന്ന ഒമാനി ഇതര തൊഴിലാളികളെ പിടികൂടുന്നതിനും, ലേബർ കെയർ സെന്ററുകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
നിലവിൽ മസ്കത്ത്, വടക്കൻ ബാത്തിന, ദോഫാർ എന്നിവിടങ്ങളിൽ ഇൻസ്പെക്ഷൻ യൂനിറ്റ് പ്രവർത്തിക്കുന്നു. മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലേബർ കെയർ സെന്ററുകൾ ഈ യൂനിറ്റ് തയാറാക്കിയിട്ടുണ്ട്. കൂടാതെ സുരക്ഷ, ആരോഗ്യം മാനദണ്ഡങ്ങൾ എന്നിവ പാലിക്കുകയും ചെയ്യുന്നു.
സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷൻ റിക്രൂട്ട് ചെയ്യുന്നവർക്ക് പരിശീലനം നൽകുന്നു. ബന്ധപ്പെട്ട അധികാരികളുമായി പ്രത്യേക കോഴ്സുകളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.