മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ നടന്ന കിന്റര്ഗാര്ട്ടന് ഗ്രാജ്വേഷന് സെറിമണിയിൽനിന്ന്
മസ്കത്ത്: മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് കിന്റര്ഗാര്ട്ടന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി ഗ്രാജ്വേഷന് സെറിമണി സംഘടിപ്പിച്ചു. മുസന്ന മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ അംഗം വലീദ് ഷാബിബ് സാബില്‍ അല്‍ ബലൂഷി മുഖ്യാതിഥിയും മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി.എ. അശ്വനി സവ്റികര്, പി.ടി.കെ. ഷമീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളുമായി.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യൂ വര്‍ഗീസ്, കണ്‍വീനര്‍ എം.ടി. മുസ്തഫ, കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡോ. ലീന ഫ്രാന്‍സിസ്, വൈസ് പ്രിന്‍സിപ്പല്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തിനു ശേഷം കൊച്ചുകൂട്ടികള് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യാതിഥിയും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. മാത്യൂ വര്‍ഗീസ് മുഖ്യാതിഥിയെയും വിശിഷ്ടാതിഥികളെയും എം.ടി. മുസ്തഫയും അക്കാദമിക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത വാര്യരും ബൊക്കെ നല്കി സ്വീകരിച്ചു.
ഡോ. ലീന ഫ്രാന്‍സിസ് സ്വാഗതമാശംസിച്ചു. അമൂല്യവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലീദ് ഷാബിബ് സാബില്‍ അല്‍ ബലൂഷി വിശദീകരിച്ചു. വിശിഷ്ടാതിഥി സി.എ. അശ്വനി സവ്റികര് ധാര്‍മ്മിക കഥകളിലൂടെ വിദ്യാർഥികളെ പ്രബുദ്ധരാക്കുകയും ഭാവിയില്‍ മികച്ച വിദ്യാര്‍ഥികളാകാന്‍ കുട്ടികളെ പ്രോത്സാഹിപിക്കുകയും ചെയ്തു. പി.ടി.കെ ഷമീര്‍ വിദ്യാര്‍ഥികളെ അഭിനന്ദിക്കുകയും വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികളുടെ പുരോഗതിക്കായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അധ്യാപകരെ പ്രശംസിക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനകാല ഓര്‍മകള്‍ പങ്കുവെക്കുകയും അധ്യാപകര്‍ക്ക് ആദരവ് നേര്‍ന്ന് ഗാനം ആലപിക്കുകയും ചെയ്തു. കിന്റര്ഗാര്ട്ടന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ബിരുദദാന ഗൗണുകളും തൊപ്പികളും ധരിച്ച് മുഖ്യാതിഥി, വിശിഷ്ടാതിഥികള്‍ എന്നിവരില്‍ നിന്ന് കിന്റര്ഗാര്ട്ടന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.
അതിഥികള്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, കണ്‍വീനര്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. കിന്റര്ഗാര്ട്ടന് വിദ്യാര്‍ഥികള്‍ അധ്യാപകരോട് യാത്ര ചൊല്ലുകയും ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ അവരെ കൈകള്‍ നീട്ടി സ്വാഗതം ചെയ്യുകയും ചെയ്തത് സദസിന് നവ്യാനുഭവമായി.
കുരുന്നുകളുടെ നൃത്താവിഷ്ക്കാരം, കിന്റര്ഗാര്ട്ടന് അധ്യാപികമാരും പ്രിന്‍സിപ്പലും ചേര്‍ന്ന് ആലപിച്ച കരോള്‍ ഗാനം എന്നിവ ചടങ്ങിന് മാറ്റു കൂട്ടി . ഫൗേണ്ടഷനല് കോര്‍ഡിനേറ്റര്‍ ഹെഫ്സിബ നിക്കോള്‍സെന്‍ നന്ദി രേഖപ്പെടുത്തി. വിശിഷ്ട വ്യക്തികള്‍ക്കൊപ്പമുള്ള കുട്ടികളുടെ ഫോട്ടോ സെഷനോടു കൂടിയാണ് ചടങ്ങ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.