വാർത്തസമ്മേളനത്തിൽ ദോഫാർ മുനിസിപ്പാലിറ്റി ചെയർമാനും ഖരീഫ് സീസണിന്‍റെ പ്രധാന കമ്മിറ്റി തലവനുമായ ഡോ. അഹമ്മദ് ബിൻ മുഹ്‌സിൻ അൽ ഗസ്സാനി സംസാരിക്കുന്നു

ഖരീഫ്: ഇത്തവണ ആഘോഷം കൂടുതൽ കളറാകും...

മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണെ വർണാഭമാക്കാൻ വൈവിധ്യങ്ങളാർന്ന പരിപാടികളുമായി ദോഫാർ മുനിസിപ്പാലിറ്റി. സഞ്ചാരികൾക്ക് പ്രകൃതിയെയും സാഹസിക വിനോദസഞ്ചാരത്തേയും ഷോപ്പിങ്ങിനെയും അനുഭവവേദ്യമാക്കാൻ കഴിയുന്നതരത്തിൽ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാനും ഖരീഫ് സീസണിന്‍റെ പ്രധാന കമ്മിറ്റി തലവനുമായ ഡോ. അഹമ്മദ് ബിൻ മുഹ്‌സിൻ അൽ ഗസ്സാനി പറഞ്ഞു.

ഖരീഫ് സീസണിന്‍റെ ഭാഗമായി ജൂലൈ 15 മുതൽ ആഗസ്റ്റ് 31വരെ ദോഫാർ ഗവർണറേറ്റിൽ നടക്കുന്ന പരിപാടികളെ കുറിച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഖരീഫ് ദോഫാർ' എന്നപേരിലാണ് ഇത്തവണ കാമ്പയിൻ നടക്കുക. കാമ്പയിനിന്‍റെ കീഴിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം എല്ലാ ടൂറിസ്റ്റ് സൈറ്റുകളിലും ആവശ്യമായ സൗകര്യങ്ങൾ സഞ്ചാരികൾക്കായി മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ടെന്ന് ഗസ്സാനി അറിയിച്ചു. ഫെസ്റ്റിവലിന്റെ പുതിയ ലോഗോയും ഡോ. അൽ ഗസാനി പ്രകാശനം ചെയ്തു. ഈ സീസണിൽ ഗവർണറേറ്റിലുടനീളം വ്യത്യസ്ത സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഫെസ്റ്റിവൽ നടക്കാൻ പോകുന്നത്.

ഇത്തവണ ഗവർണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സാംസ്കാരിക, വിനോദപരിപാടികൾ നടക്കുക. കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കിന് സാക്ഷ്യംവഹിച്ച ടൂറിസ്റ്റ് സൈറ്റുകളിലും പൊതു പാർക്കുകളിലുമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇത്തീൻ സ്‌ക്വയർ, ഔഖാദ് പബ്ലിക് പാർക്ക്, അൽ ഹഫയിലെ ഹെറിറ്റേജ് വില്ലേജ്, സലാല പബ്ലിക് ഗാർഡൻ, ഷാത്ത്, മുഗ്‌സൈൽ, താഖാ പബ്ലിക് ഗാർഡൻ, വാദി ദർബാത്ത്, സലാല സെലിബ്രേഷൻ സ്‌ക്വയർ, മിർബത്ത് പബ്ലിക് ഗാർഡൻ എന്നിവയാണ് പ്രധാന വേദികൾ. അന്താരാഷ്ട്ര ഷോകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ തുടങ്ങിയവ ഇത്തീൻ സ്ക്വയറിലാണ് അരങ്ങേറുക.

സലാല റസ്റ്റാറന്റിലും (ഹവാന റിസോർട്ട്) ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിലും വിവിധങ്ങളായ പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷൂട്ടിങ്, ഒട്ടക മത്സരങ്ങളും ഖരീഫിന്‍റെ ഭാഗമായി നടക്കും.ഒമാനി ബ്രാൻഡുകളുടെ വിപണനം, ലൈറ്റ് ഗെയിമുകൾ, കുട്ടികളുടെ ഓപ്പൺ സിനിമ വിഭാഗം, വിവിധ റസ്റ്റാറന്റുകൾ, കഫേകൾ എന്നിവക്കായി ഔഖാദ് പബ്ലിക് പാർക്കിൽ നിരവധി വിഭാഗങ്ങൾ ഉണ്ടാകും.

നാവിൽ വെള്ളമൂറുന്ന രൂചിക്കൂട്ടുമായി ഭക്ഷ്യമേളകളും തത്സമയ പാചകപ്രദർശനങ്ങളും നടക്കും. അന്താരാഷ്ട്ര പാചകവിദഗ്ധരും പങ്കെടുക്കും.

Tags:    
News Summary - Kharif: This time the celebration will be more colorful...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.