ഖരീഫിന്റെ ഭാഗമായി സജ്ജമായ റോയൽ ഒമാൻ പൊലീസ്
സലാല: ഈ വർഷത്തെ ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷയും സംരക്ഷണവും നൽകാൻ സജ്ജമായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുരക്ഷയും പൊലീസ് സേവനങ്ങളും വർധിപ്പിക്കുന്നതിനായി ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന് മനുഷ്യപിന്തുണാ സേന, പ്രത്യേക യന്ത്രങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ ജനറൽ കമാൻഡ് ഓഫ് പൊലീസ് നൽകി. വിവിധ സംഭവങ്ങളോട് വേഗത്തിലുള്ള പ്രതികരണം വർധിപ്പിക്കുന്നതിനും ഗതാഗതഅപകടങ്ങൾ കുറക്കുന്നതിനും ദോഫാർ ഗവർണറേറ്റിലേക്കുള്ള വിനോദവിനോദസഞ്ചാരികൾക്കും റോഡ് ഉപയോക്താക്കൾക്കും മാർഗനിർദേശവും സഹായവും നൽകുന്നതിനുമായി നിരവധി സ്ഥലങ്ങളിൽ ചെക്ക് പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
സന്ദർശകർക്ക് പ്രവേശനം സുഗമമാക്കുന്നതിനും റോഡരികിലെ എല്ലാ പ്രദേശങ്ങളുടെയും സുരക്ഷാ കവറേജ് ഉറപ്പാക്കുന്നതിനും നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്.
വാഹനങ്ങൾക്ക് പ്രവേശിക്കാൻ പ്രയാസമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മൗണ്ടഡ് പട്രോളിങ്ങുണ്ട്. മുങ്ങിമരണസംഭവങ്ങളിൽ ദ്രുതപ്രതികരണം ഉറപ്പാക്കുന്നതിനും സന്ദർശകർക്ക് ഉപദേശവും മാർഗനിർദേശവും നൽകുന്നതിനുമായി ഗവർണറേറ്റിലെ ബീച്ചുകളിലും ജലസ്രോതസ്സുകൾക്ക് സമീപവും കോസ്റ്റ് ഗാർഡ് പൊലീസ് രക്ഷാസംഘങ്ങളെ വിന്യസിക്കും.
കൂടാതെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പോലുള്ള ഹെലികോപ്ടറുകളുടെ ഉപയോഗം ആവശ്യമുള്ള സന്ദർഭങ്ങളിൽ പൊലീസ് ഏവിയേഷൻ പിന്തുണ നൽകും.
എയർ ആംബുലൻസ് സേവനങ്ങളുമുണ്ടാകും. ഖരീഫ് ദോഫാർ സീസണിലെ വിവിധ വേദികളിലെ എല്ലാ പരിപാടികളും നിർവഹിക്കാൻ റോയൽ ഒമാൻ പൊലീസ് സന്നദ്ധമാണെന്ന് സ്ഥിരീകരിച്ചു.
പാസ്പോർട്ട്, വിസ നടപടിക്രമങ്ങൾ സുഗമമാക്കുക, കര, കസ്റ്റംസ് തുറമുഖങ്ങളിൽ ചലനം ക്രമീകരിക്കുക, വിനോദസഞ്ചാരകേന്ദ്രങ്ങളിലും വേദികളിലും പൊലീസ് സാന്നിധ്യം വർധിപ്പിക്കുക എന്നിവയും ചുമതലയിലുണ്ട്. ദോഫാറിലെത്തുന്ന എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ 9999 എന്ന എമർജൻസി നമ്പറിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.