മസ്കത്ത്: വിശുദ്ധ റമദാനിൽ ഒമാനിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയം നിർണയപ്പെടുത്തി തൊഴിൽ മന്ത്രാലയം. സർക്കാർ സ്ഥാപനങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടു വരെ അഞ്ചു മണിക്കൂർ തുടർച്ചയായാണ് പ്രവൃത്തി സമയംക്രമീകരിച്ചത്. സ്വകാര്യ മേഖലയിൽ, റമദാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ ജോലി സമയം ദിവസേന ആറു മണിക്കൂറായും ആഴ്ചയിൽ പരമാവധി 30 മണിക്കൂറായും കുറക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ സൗകര്യം പരിഗണിച്ചും സേവന-വ്യാപാര പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. ഫ്ലെക്സിബിൾ വർക്ക് സിസ്റ്റം പ്രകാരം, അതത് സ്ഥാപന മേധാവികൾക്ക് പ്രവർത്തന ആവശ്യകത അനുസരിച്ച് ജീവനക്കാരുടെ ഡ്യൂട്ടി പ്രവേശനവും ഡ്യുട്ടി അവസാനിപ്പിക്കുന്നതും നിശ്ചയിക്കാം. എന്നാൽ, മൊത്തം ജോലി സമയം അനുവദിച്ച പരിധി കവിയരുത്. രാവിലെ ഏഴു മുതൽ ഉച്ചക്ക് മൂന്നു ഫ്ലെക്സിബിൾ ഹാജർ അനുവദിക്കാം. ജീവനക്കാരൻ ജോലിയിൽ പ്രവേശിക്കുന്ന സമയം മുതൽ പിരിയുന്നതുവരെയുള്ള സമയമാണ് ജോലി സമയമായി കണക്കാക്കുക. ഓരോ യൂനിറ്റും പിന്തുടരുന്ന ആഭ്യന്തര സംവിധാനങ്ങൾക്കനുസരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ വ്യവസ്ഥകൾ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണെങ്കിലും, തൊഴിൽ നിയമങ്ങൾക്കനുസരിച്ച് ബിസിനസ് ആവശ്യകതകൾക്ക് അനുയോജ്യമായ രീതിയിൽ ജോലി ക്രമീകരണങ്ങൾ നടത്താൻ തൊഴിലുടമകൾക്ക് അനുവാദമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.