സലാലയിലെ ഇത്തീൻ സ്ക്വയറിൽ നടക്കുന്ന പരിപാടികളിൽനിന്ന്
സലാല: ഖരീഫ് സീസണിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ വേദികൾ തുറന്നതോടെ ആഘോഷരാവിലലിഞ്ഞ് ദോഫാർ ഗവർണറേറ്റ്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടികളുടെ ആസൂത്രണം. വാരാന്ത്യദിനങ്ങളിൽ കൂടുതൽ ആളുകളുടെ വരവോടെ ഈ വേദികൾ കൂടുതൽ സജീവമാകും. സലാലയിലെ ഇത്തീൻ സ്ക്വയറിലെ പരിപാടി ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ആഗസ്റ്റ് 31 വരെ വേദി പ്രവർത്തിക്കും. താമസക്കാർ, പൗരന്മാർ, വിനോദസഞ്ചാരികൾ എന്നിവരെ ലക്ഷ്യംവെച്ചുള്ള വിവിധ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബങ്ങൾക്കും യുവ സന്ദർശകർക്കും അനുയോജ്യമായ രീതിയിലുള്ള പെർഫോമൻസ് ആർട്സ്, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ, റീട്ടെയിൽ ഇടങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ വെടിക്കെട്ട്, ഡ്രോൺ പ്രദർശനങ്ങൾ, ആഗോള പ്രതിഭാപ്രദർശനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രകടനങ്ങൾ എന്നിവ ദൈനംദിന സവിശേഷതകളിൽ ഉൾപ്പെടുന്നു. യൂറോപ്യൻ കാർണിവലിൽ റഷ്യൻ സംഘവും ഉൾപ്പെടുന്നു. വ്യത്യസ്തമായ വസ്ത്രധാരണവും നൃത്തസംവിധാനവുമുള്ള ബലൂൺ കാർണിവൽ, പീറ്റർ കാർണിവൽ തുടങ്ങിയ തീം ഷോകൾ മറ്റ് ആകർഷണങ്ങളാണ്.കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കും ഇവിടെയുണ്ട്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനത്തിൽ പ്രവർത്തിക്കുന്ന ഇത്, ഉത്സവത്തിലുടനീളം യുവ സന്ദർശകർക്ക് സുരക്ഷിതവും മേൽനോട്ടത്തിലുള്ളതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ്.
പരമ്പരാഗതവും സമകാലികവുമായ സ്വാധീനങ്ങളുള്ള ധൂപവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒമാനി സ്ത്രീകൾ നയിക്കുന്ന ചെറുകിട ബിസിനസുകൾക്കായി ഇത്തീൻ സ്ക്വയറിൽ ഒരു പ്രത്യേക വിഭാഗമുണ്ട്. പ്രാദേശിക സംരംഭകത്വ പ്രോത്സാഹനവും സീസണൽ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കലുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.ഈ വർഷത്തെ ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളിലൊന്നാണ് കൾചർ ആൻഡ് ലിറ്ററേച്ചർ സ്ട്രീറ്റ്. കലാപരമായ ആശയവിനിമയത്തിനുള്ള പൊതുഇടമായി വർത്തിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന ഇതിൽ കവിത സെഷനുകൾ, ദൃശ്യകലാ പ്രകടനങ്ങൾ, എഴുത്ത് ശിൽപശാലകൾ എന്നിവ ഉൾപ്പെടുന്നു. സംസ്കാരവും സമൂഹവും സംഗമിക്കുന്ന ഒരു സമഗ്ര ഇടം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. ദോഫാറിന്റെ പർവതപ്രദേശങ്ങളെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് സ്ക്വയറിന്റെ പ്രധാന വേദി നവീകരിച്ചു. വൈകുന്നേരത്തെ പ്രധാന പ്രകടനങ്ങൾക്ക് പശ്ചാത്തലമായി ലേസറുകൾ, ഡിജിറ്റൽ സ്ക്രീനുകൾ, കൃത്രിമ വെള്ളച്ചാട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.