സി.പി.എ അധികൃതർ ദോഫാറിൽ പരിശോധനകൾ നടത്തുന്നു
മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ബോധവത്കരണ കാമ്പയിനുകൾ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ‘നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം’ എന്ന മുദ്രാവാക്യത്തിലാണ് സമഗ്രമായ ഫീൽഡ് അവബോധ കാമ്പയിൻ.
വിതരണക്കാരും കച്ചവടക്കാരും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനയും പൊതുജന സമ്പർക്ക ശ്രമങ്ങളും ശക്തമാക്കുകയാണെന്ന് ദോഫാറിലെ സി.പി.എയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. തായ് ബിൻ സലേം അൽ ജുനൈബി പറഞ്ഞു. തിരക്കേറിയ ഖരീഫ് സീസണിൽ വിനോദസഞ്ചാരികളെയും താമസക്കാരെയും ലക്ഷ്യംവെച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാണിജ്യ രീതികളെ ചെറുക്കുക എന്നതും കാമ്പയിനിന്റെ ലക്ഷ്യമാണ്.
ജൂലൈ മുതൽ സെപ്റ്റംബർ വരെ നീളുന്ന ഈ കാമ്പയിനിൽ ഗവർണറേറ്റിലെ പ്രധാന സ്ഥലങ്ങളായ ഷോപ്പിങ് സെന്ററുകൾ, ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകൾ, കമ്യൂണിറ്റി സ്ഥാപനങ്ങൾ എന്നിവ ഫീൽഡ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. വിനോദസഞ്ചാരികൾ, കുടുംബങ്ങൾ, കുട്ടികൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ ഒരു ജനവിഭാഗത്തിലേക്ക് അവബോധവത്കരണ കാമ്പയിൻ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തും.
ഇതിനായി സംവേദനാത്മക ബൂത്തുകൾ, വർക്ക്ഷോപ്പുകൾ, ദൃശ്യ അവതരണങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണം നൽകും. വെർച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്സെറ്റുകൾ, ഇന്ററാക്ടീവ് സ്ക്രീനുകൾ, ‘യങ് കൺസ്യൂമർ’ ആപ്പിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന വിദ്യാഭ്യാസ ടാബുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക ഡിജിറ്റൽ ഉപകരണങ്ങളും അതോറിറ്റി കാമ്പയിനായി ഉപയോഗിക്കും.
ഉത്തരവാദിത്തമുള്ള ഉപഭോഗത്തെയും ഉപഭോക്തൃ അവകാശങ്ങളെയും കുറിച്ചുള്ള ആശയങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വർണാഭമായ ചിത്രീകരണങ്ങളും ആകർഷകമായ പ്രവർത്തനങ്ങളും ഉൾപ്പെടുത്തും. പൊതുജന ഇടപെടൽ വർധിപ്പിക്കുന്നതിനായി ഔട്ട്ഡോർ പരിപാടികളിൽ വിനോദ വിഭാഗങ്ങളും ഉണ്ടാകും. നിരോധിതവും നിയമവിരുദ്ധവുമായ ഉൽപന്നങ്ങളുടെ മൊബൈൽ പ്രദർശനം കാമ്പയിനിനൊപ്പം നടത്തും. സലാല വിമാനത്താവളത്തിലും ഹഫീത് അതിർത്തി ചെക്പോയന്റിലും ക്യു.ആർ കോഡുകൾ ഘടിപ്പിച്ച സ്മാർട്ട് ഇൻഫർമേഷൻ കിയോസ്ക്കുകൾ സ്ഥാപിക്കും.
ഇത് കാമ്പയിനിന്റെ വിശദാംശങ്ങളിലേക്കും സി.പി.എയുടെ ഇ-സേവനങ്ങളിലേക്കും വേഗത്തിൽ പ്രവേശനം നൽകും. പൊതുനിരത്തുകളിലും പ്രധാന വിപണികളിലും ബോധവത്ക്കരണ ബിൽബോർഡുകൾ സ്ഥാപിക്കും. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദോഫാറിന്റെ വിപണികളിലുടനീളമായി 19,582 പരിശോധനകളാണ് നടത്തിയതെന്ന് ഡോ. അൽ ജുനൈബി പറഞ്ഞു. ഇതിൽ 14,317 ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.