ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം വനിതാവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പായസമേള
മസ്കത്ത്: സെപ്റ്റംബര്‍ 26ന് അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളില്‍ നടക്കുന്ന ഓണാഘോഷപരിപാടിയുടെ മുന്നോടിയായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം വനിതവേദിയുടെ നേതൃത്വത്തില്‍ പായസമേള സംഘടിപ്പിച്ചു.റൂവിയിലെ കേരളവിഭാഗം ഓഫിസില്‍ നടന്ന പരിപാടിയില്‍ 31 ഇനം പായസങ്ങളാണ് പ്രവര്‍ത്തകര്‍ മത്സരത്തിനായി ഒരുക്കിയത്. പഞ്ചസാര, ശര്‍ക്കര ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. പഞ്ചസാര പായസങ്ങളുടെ ഇനത്തില്‍ ഉമ രമേശ് ഒന്നാം സ്ഥാനവും ശ്രുതി ഭൂഷണും രഞ്ജു അനുവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ശര്‍ക്കര ഇനത്തില്‍ ഹൃദ്യ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഉഷ മധു, ഡിനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
നൂറ്റമ്പതിലേറെ അംഗങ്ങള്‍ കാണികളായുണ്ടായിരുന്ന പരിപാടിയില്‍ അംഗങ്ങളുടെ ഗാനാലാപനം, വിവിധ കളികള്‍, ഓണം ക്വിസ് എന്നിവ അവതരിപ്പിച്ചു. മത്സരത്തില്‍ പ്രദര്‍ശിപ്പിച്ച പായസങ്ങള്‍ കാണികള്‍ക്ക് രുചിച്ച് നോക്കാനുള്ള അവസരവും ഉണ്ടായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കേരള വിങ് മാനേജിങ് കമ്മിറ്റി അംഗങ്ങളും വനിതാവേദി പ്രവര്‍ത്തകരും ചേര്‍ന്ന് വിതരണം ചെയ്തു. പായസമേള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്മാന് ബാബു രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരള വിഭാഗം കോ കണ്‍വീനര്‍ കെ. ജഗദീഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി സന്തോഷ് കുമാര്‍ ആശംസകള്‍ നേര്‍ന്നു. കേരളവിഭാഗം വനിത കോഓഡിനേറ്റര്‍ ശ്രീജ രമേഷ് സ്വാഗതവും അസിസ്റ്റന്റ് കോഓഡിനേറ്റര്‍ ഷില്‍ന ഷൈജിത്ത് നന്ദിയും പറഞ്ഞു. ശ്രീവിദ്യ രവീന്ദ്രനായിരുന്നു പരിപാടിയുടെ അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.